ന്യൂദല്‍ഹി- സി.ബി.ഐ മേധാവി അലോക് വര്‍മയേയും ഉപ മേധാവി രാകേഷ് അസ്താനയേയും നിര്‍ബന്ധിത അവധിയില്‍ വിട്ടത് അസാധാരണ സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇരു ഉദ്യോഗസ്ഥരും പൂച്ചകളെ പോലെ വഴക്കിടുകയായിരുന്നുവെന്നും ഇതു കണക്കിലെടുത്താണ് സി.ബി.ഐയുടെ വിശ്വാസ്യത സംരക്ഷിക്കാനും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയും അലോക് വര്‍മയില്‍ നിന്നും സി.ബി.ഐ മേധാവിയുടെ ചുമതലകള്‍ എടുത്തു മാറ്റിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വഴക്ക് ആശ്ചര്യത്തോടെയാണ് കണ്ടതെന്നും ഈ അസാധാരണ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് വിജിലന്‍സ് കമ്മീഷന്‍ ഒരു തീരുമാനം എടുക്കുന്നതു വരെ മാത്രമാണ് വര്‍മയുടെ അധികാരങ്ങള്‍ മാറ്റിയതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാരിന്റെ മറുപടി. വ്യാഴാഴ്ചയും വാദം തുടരും.