Sorry, you need to enable JavaScript to visit this website.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു; രഹസ്യം വെളിപ്പെടുത്തുമെന്ന 'പ്രതീക്ഷയില്‍' മോഡി

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം യുഎഇ ഇന്ത്യയ്ക്കു വിട്ടുനല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് യുഎഇ മിഷേലിനെ ഇന്ത്യയിലേക്കു കയറ്റിവിട്ടത്. ഇന്ത്യയിലിറങ്ങിയ ഉടന്‍ മിഷേലിനെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കി. അഞ്ചു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പ്രത്യേക കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഭാഗമായ ബ്രിട്ടീഷ് കമ്പനി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് അനുകൂലമായി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കോഴ നല്‍കിയെന്നാണ്  മിഷേലിനെതിരായ കേസ്. 57കാരനായി മിഷേല്‍ ബ്രിട്ടീഷ് പൗരനാണ്. 2010 ഫെബ്രുവരിയില്‍ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ട ഈ വി.പി.ഐ.പി കോപ്റ്റര്‍ കരാര്‍ വഴി പൊതുഖജനാവിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. 2012ലാണ് ഈ അഴിമതി ആരോപണം ഉയര്‍ന്നു വന്നത്. ആറു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ മിഷേലിനെ സി.ബി.ഐ കസ്റ്റഡിയില്‍ ലഭിച്ചത്.

ആറു വര്‍ഷത്തിനു ശേഷം മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു കിട്ടിയത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നേരിടാനുള്ള ആയുധമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം നല്‍കുന്ന സൂചന ഇതാണ്. താന്‍ കോഴ നല്‍കിയ രാഷ്ട്രീയക്കാരുടെ പേരുകള്‍ മിഷേല്‍ വെളിപ്പെടുത്തുമെന്ന് മോഡി പറഞ്ഞു. 'ഞങ്ങള്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ഒരു രഹസ്യ സൂക്ഷിപ്പുകാരനെ കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ നിന്നുള്ള മധ്യവര്‍ഗക്കാരനായ അദ്ദേഹം ജീവിച്ചിരുന്നത് ദുബായിലാണ്. അദ്ദേഹം നാംദാറിന്റെ സുഹൃത്തുക്കളെ സേവിച്ചു കൊണ്ടിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു കൊണ്ടു വന്നു. ഈ രഹസ്യസൂക്ഷിപ്പുകാരന്‍ ഇനി ആ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങും. എവിടം വരെ എത്തുമെന്ന് അറിയില്ല,' കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തെയും ഉന്നം വച്ച് മോഡി പറഞ്ഞു.

Latest News