കൊണ്ടോട്ടി- സൗദിയയുടെ നേരിട്ടുള്ള വിമാനസർവീസിനെ സ്വീകരിക്കാനൊരുങ്ങി കരിപ്പൂർ വിമാനതാവളവും പരിസരങ്ങളും. നിരവധി സംഘടനകളുടെ നേത്വത്വത്തിൽ കരിപ്പൂരിൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലബാറിലെ 11 ലക്ഷത്തിലേറെ വരുന്ന സൗദി പ്രവാസികളുടെയും ഉംറ, ഹജ് തീർത്ഥാടകരുടെയും ചിരകാല സ്വപ്‌നമായ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് സൗദി എയർലൈൻസിന്റെ വലിയ വിമാനം സർവീസ് തുടങ്ങും. മൂന്നര വർഷമായി അറ്റുപോയ ജിദ്ദ-കരിപ്പൂർ വ്യോമായന പാതയാണ് ഇതോടെ തുറക്കപ്പെടുന്നത്. ജിദ്ദയിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന സൗദിയയുടെ എസ്.വി 746 വിമാനം രാവിലെ 11.10 നാണ് കരിപ്പൂരിൽ പറന്നിറങ്ങുക. ആദ്യ വിമാനത്തെ എയർപോർട്ട് അഥോറിറ്റി വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വിമാനത്തിലെ കന്നിയാത്രക്കാർക്ക് പൂവും പ്രത്യേക ഗിഫ്റ്റും നൽകിയാണ് സൗദിയ വിമാന കമ്പനി സ്വീകരിക്കുക. കരിപ്പൂരിലെത്തുന്ന വിമാനം പിന്നീട് എസ്.വി 747 ആയി ഉച്ചക്ക് 1.10 ന് ജിദ്ദക്ക് പറക്കും. വിമാനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഫഌഗ് ഓഫ് ചെയ്യും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ തുടങ്ങിയവർ സംബന്ധിക്കും.
വലിയ വിമാനത്തിന് ഇറങ്ങാനുളള സൗകര്യം കരിപ്പൂരിൽ ഒരുക്കിയതായി എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു പറഞ്ഞു. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നിർമാണം പൂർത്തീകരിക്കുകയും റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. റൺവേയിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിപ്പിക്കും. വിമാനത്തിന്റെ സുരക്ഷിത ലാൻഡിങിനുളള ക്രമീകരണങ്ങളും വിമാനം നിർത്തിയിടാനുളള ഏപ്രൺ സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.
കരിപ്പൂരിൽ റൺവേ റീ-കാർപറ്റിങിന്റെ പേരിൽ 2015 മാർച്ച് 30 മുതൽ നിർത്തലാക്കിയ വലിയ വിമാനങ്ങളിൽ സൗദി എയർലൈൻസിനാണ് വീണ്ടും സർവീസിന് അനുമതി ലഭിക്കുന്നത്. വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചെങ്കിലും ദമാം, റിയാദ് എന്നിവടങ്ങളിലേക്ക് ചെറിയ വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ് കരിപ്പൂരിൽ നിന്നുണ്ട്. എന്നാൽ ജിദ്ദയിലേക്ക് അഞ്ചു മണിക്കൂർ തുടർച്ചയായി പറന്നെത്താൻ ചെറിയ വിമാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ആയതിനാൽ കരിപ്പൂരിൽ നിന്ന് കണക്ഷൻ വിമാനത്തെയും നെടുമ്പാശ്ശേരിയെയും ആശ്രയിക്കേണ്ട ഗതികേടായിരുന്നു. വലിയ വിമാന സർവീസിന് അനുമതിയായതോടെ ജിദ്ദയിലേക്ക് നേരിട്ട് വിമാനം പറക്കുന്നത് വഴി ഉംറ, ഹജ് തീർത്ഥാടകർക്കും ആശ്വാസമാകും. ഹജ് എംപാർക്കേഷൻ പോയന്റ് കരിപ്പൂരിൽ പുനഃസ്ഥാപിച്ചിട്ടുമുണ്ട്.
ആഴ്ചയിൽ ഏഴ് ദിവസമാണ് കരിപ്പൂരിൽ നിന്ന് ആദ്യ ഘട്ടത്തിൽ സൗദി എയർലൈൻസിന്റെ സർവീസുണ്ടാവുക. ഇതിൽ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ ജിദ്ദയിലേക്കും ചൊവ്വ, വെളളി, ഞായർ ദിവസങ്ങളിൽ റിയാദിലേക്കുമായിരിക്കും സർവീസ്. കരിപ്പൂരിൽ നിന്ന് ബുധനാഴ്ച ജിദ്ദയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെ വൈമാനികരും ജീവനക്കാരും ഇന്നലെ കൊച്ചിയിൽ നിന്ന് കരിപ്പൂരിലെത്തി. രണ്ട് വൈമാനികരും 11 കാബിൻ ക്രൂവുമാണ് ഉച്ചക്ക് കരിപ്പൂരിലെത്തിയത്. രാഷ്ട്രീയ-സാംസ്‌കാരിക, മത സാമൂഹിക സംഘടനകളുടെ ചെറുത്തുനിൽപ് സമരത്തിനൊടുവിലാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതി ലഭിച്ചത്.