ഇസ്‌ലാമാബാദ് - കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് അതീവ താൽപര്യമുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് വാജ്‌പേയി തന്നോട് പറഞ്ഞിരുന്നതായും ഇംറാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരു സമ്മേളനത്തിൽ ഒരുമിച്ച് പങ്കെടുത്ത വേളയിലാണ് വാജ്‌പേയിയും മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിംഗും തന്നോട് ഇത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടന്നാൽ തന്നെ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും. യുദ്ധമല്ല സമവായ ചർച്ചകളാണ് കശ്മീർ പ്രശ്‌ന പരിഹാരത്തിന് വേണ്ടതും. ആണവായുധം കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിന് യാതൊരു സാഹചര്യവുമില്ല. ഇന്ത്യയുമായി ചർച്ചക്ക് തന്റെ സർക്കാർ എപ്പോഴും ഒരുക്കമാണ്. ഇപ്പോൾ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതുവരെ സൗഹൃദ നീക്കത്തിന് കഴിഞ്ഞിട്ടില്ല. വൈകാതെ അതിന് കാത്തിരിക്കുകയാണ് താനെന്നും ഇംറാൻ പറഞ്ഞു.
വിദേശ നയരൂപീകരണത്തിൽ പാക് സൈന്യത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കാനാണ് തന്റെ സർക്കാരിന്റെ തീരുമാനം. രാജ്യ സുരക്ഷയുടെ കാര്യമായതിനാലാണ് സൈന്യത്തെയും ഇടപെടുത്തുന്നത്. സർക്കാർ തീരുമാനങ്ങളെ സൈന്യം എല്ലാ നിലക്കും പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.