Sorry, you need to enable JavaScript to visit this website.

പ്രക്ഷോഭം ഒതുക്കാന്‍ ഫ്രഞ്ച് സർക്കാർ എണ്ണ നികുതി വർധന മരവിപ്പിച്ചു

പാരീസിൽ എണ്ണ നികുതി വർധന മരവിപ്പിച്ച തീരുമാനം പ്രഖ്യാപിച്ച ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയെ മാധ്യമ പ്രവർത്തകർ വളയുന്നു.
  • പ്രതിഷേധങ്ങൾക്ക് വിരാമം

പാരിസ്- രണ്ടാഴ്ചയിലേറെയായി നീണ്ട പ്രക്ഷോഭത്തിനൊടുവിൽ എണ്ണവിലയ്ക്ക് ഏർപ്പെടുത്തിയ അധിക നികുതി ഫ്രഞ്ച് സർക്കാർ താൽക്കാലികമായി പിൻവലിച്ചു. ആറ് മാസത്തേക്ക് വില വർധന മരവിപ്പിക്കുന്നതായി പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെ അറിയിച്ചു. ഇതിനു പുറമേ ഗ്യാസ്, വൈദ്യുതി വില വർധനവും മരവിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളും നടപ്പാക്കുമെന്ന് ധനമന്ത്രി ബ്രൂണോ ഡി മയർ വെളിപ്പെടുത്തി. ഇതോടെ വിലവർധനക്കെതിരെയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടും രണ്ടാഴ്ചയായി നടന്നുവന്ന പ്രക്ഷോഭം തണുക്കുമെന്നുറപ്പായി.
ഫ്രാൻസിന്റെ കടം എല്ലാ പരിധിക്കുമപ്പുറത്തേക്ക് ഉയർന്നതോടെയാണ് യൂറോപ്യൻ യൂനിയന്റെ താൽപര്യ പ്രകാരം സർക്കാർ വരുമാനം കൂട്ടുന്നതിനായി അധിക നികുതികൾ ഏർപ്പെടുത്തിയത്. എന്നാൽ വില വർധന സാധാരണക്കാരന്റെ ജീവിത ചെലവ് വൻതോതിൽ വർധിപ്പിച്ചുവെന്നാരോപിച്ച് ജനങ്ങൾ തെരുവിലിറങ്ങി. നഗരങ്ങളിലെ പാവപ്പെട്ടവരും ഉൾപ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നുള്ളവരുമാണ് പ്രക്ഷോഭം നടത്തിയത്. മഞ്ഞ ഫ്‌ളൂറസന്റ് ജാക്കറ്റ് ധരിച്ച പ്രക്ഷോഭകർ തെരുവിലിറങ്ങിയതോടെ അതിന് യെല്ലോ വെസ്റ്റ് പ്രക്ഷോഭമെന്ന് പേര് വീണു. പതിറ്റാണ്ടുകൾക്കിടെ ഫ്രാൻസ് കണ്ട ഏറ്റവും അക്രമാസക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കഴിഞ്ഞയാഴ്ച ഇരുനൂറോളം കാറുകളാണ് കത്തിച്ചത്. നിരവധി കെട്ടിടങ്ങൾക്കും പ്രക്ഷോഭകർ തീയിട്ടു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട 421 പേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ കോടതികളിൽ ഹാജരാക്കി.
 

Latest News