ന്യൂദൽഹി - കേരളത്തിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട 312 ക്രിമിനൽ കേസുകൾ നിലവിൽ സംസ്ഥാനത്തെ വിവിധ കോടതികളിലുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. ഇവയിൽ ഒമ്പത് കേസുകൾ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. പത്തെണ്ണം സെഷൻസ് കോടതിയുടെയും, 299 കേസുകൾ മജിസ്‌ട്രേറ്റ് കോടതിയുടെയും പരിഗണനയിലാണ്. ഇന്ത്യയിൽ മൊത്തത്തിൽ എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട 4122 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട കേസിൽ കോടതിയെ സഹായിക്കാനായി സുപ്രീം കോടതി നിയോഗിച്ച മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസാരിയ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
4122 ക്രിമിനൽ കേസുകളിൽ 2324 കേസും ഇപ്പോൾ എം.പിമാരോ എം. എൽ.എമാരോ ആയിരിക്കുന്നവർക്കെതിരെയുള്ളതാണ്. 1675 കേസുകൾ മുൻ എം.പിമാരും എം.എൽ.എമാരുമായവർക്കെതിരെയും. ഇതിൽ തന്നെ പല കേസുകളും 30 വർഷത്തിലധികം പഴക്കമുള്ളവയാണ്. 4122 കേസുകളിൽ, 1991 കേസുകളിൽ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
992 കേസുകളുള്ള ഉത്തർ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. ബിഹാറിനെയും (304 കേസുകൾ) മഹാരാഷ്ട്രയേയും (303) പശ്ചിമ ബംഗാളിനെയും (269 കേസുകൾ) പിന്നിലാക്കിയാണ് കേരളം നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 331 കേസുകളുള്ള ഒഡീഷയും (331), തമിഴ്‌നാടുമാണ് (321) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
രാജ്യത്തെ വിവിധ കോടതികളിൽ നിന്നും സർക്കാറുകളിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജഡ്ജിമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നവംബർ ഒന്നിന് ഹരജിയിൽ വാദം കേൾക്കുന്നതിനിടെ, ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ യു.യു.ലളിത്, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.