Sorry, you need to enable JavaScript to visit this website.

ദേശീയ പാത: ഏറ്റെടുക്കുന്ന സ്ഥലത്തിന് പരമാവധി 11,74,515 രൂപ

മലപ്പുറം - ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുളള നിർമിതികളുടെയും  വില നിർണ്ണയിച്ച് ഉത്തരവായതായി ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. സ്ഥലത്തിന് പരമാവധി 11,74,515 രൂപ നിശ്ചയിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ വിലകളിൽ മാറ്റമുണ്ട്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012 ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങൾക്കും മറ്റ് നിർമ്മിതികൾക്കും വില കണക്കാക്കുന്നത്. അതുകൊണ്ട് 2018 ലേക്ക് ബാധകമായ 40 ശതമാനം വർദ്ധന ലഭിക്കുന്നതാണ്. വർദ്ധിച്ച തുകയുടെ 12.5 ശതമാനം വൈദ്യുതീകരണ ചെലവായും അനുവദിക്കും. 
വാണിജ്യ കെട്ടിടങ്ങൾക്ക് പ്ലംബിങ് ചെലവുകൾക്കായി  നാല് ശതമാനവും താമസ കെട്ടിടങ്ങൾക്ക് 12 ശതമാനവും  അധിക തുക  അനുവദിക്കും. ഇത്തരത്തിൽ കോൺക്രീറ്റിൽ തീർത്ത ഫ്രെയിംഡ് കെട്ടിടങ്ങൾക്ക്  ചതുരശ്ര അടിക്ക്  പരമാവധി 5757 രൂപ നഷ്ടപരിഹാരം ലഭിക്കും.  വാണിജ്യ വിഭാഗത്തിൽപ്പെട്ട ഒരു നില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക്  ചതുരശ്ര അടിയ്ക്ക് 4545 രൂപയും ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക്  ചതുരശ്ര അടിയ്ക്ക് 4333 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്.  
കോൺക്രീറ്റിലുളള ഒരുനില താമസ കെട്ടിടത്തിന്  വൈദ്യുതീകരണ പ്ലംബിങ് തുകയടക്കം ഒരു ചതുരശ്ര അടിയ്ക്ക് 4145 രൂപയും ഇരുനില താമസ കെട്ടിടങ്ങൾക്ക്  ഒരു ചതുരശ്ര അടിക്ക് 4015 രൂപയും നഷ്ടപരിഹാരം ലഭിക്കും. ഓടിട്ട ഒരുനില കെട്ടിടത്തിന്  ഒരു ചതുരശ്ര അടിയ്ക്ക് 3756 രൂപയും ഇരു നില താമസ കെട്ടിടത്തിന്   ഒരു ചതുരശ്ര അടിയ്ക്ക് 3659 രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. 
കിണർ ചുറ്റുമതിൽ ഉൾപ്പെടെയുളള എല്ലാവിധ നിർമിതികൾക്കും ഈ വർഷത്തെ നിർമാണ ചെലവിന്റെ ഇരട്ടി തുകയാണ് നഷ്ടപരിഹാരം. കെട്ടിടങ്ങളുടെയും നിർമിതികളുടെയും കാലപ്പഴക്കം  വില നിർണ്ണയത്തെ ബാധിക്കില്ല. 2013 ലെ  ഭൂമി ഏറ്റെടുക്കൽ  നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക.
ഭൂമിയുടെ വില നിശ്ചയിക്കുന്നത്  വിവിധ കാറ്റഗറികളിലായിട്ടാണ്. നിലവിലെ ദേശീയ പാതയോട് ചേർന്ന്ുകിടക്കുന്ന  പുരയിടം വിഭാഗത്തിൽപെട്ട ഭൂമിയെ ഒന്നാം കാറ്റഗറിയായും തരം മാറ്റിയ ഭൂമിയെ രണ്ടാം കാറ്റഗറിയായും നിലവിൽ പാടമായി കിടക്കുന്ന ഭൂമിയെ മൂന്നാം  കാറ്റഗറിയായും തിരിച്ചിരിക്കുന്നു. പുതിയ ബൈപാസ് വരുന്ന സ്ഥലങ്ങളിൽ ഭൂമികളെ ഇത്തരത്തിൽ കാറ്റഗറി നാല് മുതൽ ആറ് വരെയും തരം തിരിച്ചിട്ടുണ്ട്. മുനിസിപ്പൽ പ്രദേശങ്ങളിൽ അടിസ്ഥാന വിലയുടെ ഇരട്ടി തുകയും  ഗ്രാമ പ്രദേശങ്ങളിൽ  അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ടപരിഹാരം ലഭിക്കും.  
3 എ വിജ്ഞാപനത്തിന്  മൂന്ന് വർഷം മുമ്പ് 5 കിലോമീറ്റർ ചുറ്റളവിൽ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സമാനമായ ഭൂമികളുടെ മുഴുവൻ ആധാരങ്ങളും  പരിശോധിച്ച് പരമാവധി വില കാണിച്ച  പകുതി ആധാരങ്ങളിലെ ശരാശരി ഭൂവിലയാണ് അടിസ്ഥാന വിലയായി കണക്കാക്കുന്നത്.  മൂന്ന് എ വിജ്ഞാപന തീയതി മുതൽ അവാർഡ് തീയതി വരെ അടിസ്ഥാന വിലയിൻമേൽ 12 ശതമാനം വർദ്ധനയും അനുവദിക്കുന്നതാണ്. 

 

Latest News