ന്യൂദൽഹി/ ദുബായ്- അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് ബ്രിട്ടീഷുകാരനെ ദുബായിൽനിന്ന് ന്യൂദൽഹി വിമാനത്താവളത്തിൽ എത്തിച്ചത്.
ഇന്ന് ന്യൂദൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ 54കാരനെ ഹാജരാക്കും. മിഷേലിനെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും.
യു.എ.ഇയിൽ കഴിയുകയായിരുന്ന മിഷേലിനെ സി.ബി.ഐയുടെ ആവശ്യ പ്രകാരമാണ് ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യയിലേക്കയച്ചാൽ താൻ ക്രൂര പീഡനങ്ങൾക്കിരയാവുമെന്നും അതിനാൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും അപേക്ഷിച്ച് മിഷേൽ യു.എ.ഇ കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കഴിഞ്ഞ മാസം കോടതി തള്ളി. ഇതോടെയാണ് കൈമാറ്റത്തിന് സാധ്യത തെളിഞ്ഞത്. നടപടികൾ പൂർത്തിയായതോടെ ഇന്നലെ വൈകുന്നേരം മിഷേലിനെ ഇന്ത്യക്ക് കൈമാറാനായി യു.എ.ഇ പോലീസ് ദുബായ് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നിരന്തരം യു.എ.ഇ അധികൃതരുമായി ബന്ധപ്പെട്ടു വരികയായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിൽ കുറ്റവാളി കൈമാറ്റ കരാർ നിലവിലുണ്ട്.
മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികൾക്ക് സഞ്ചരിക്കാനായി ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്ന് 12 അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് ഇന്ത്യ നടത്തിയ 3600 കോടി രൂപയുടെ ഇടപാടിലെ മൂന്ന് ഇടനിലക്കാരിൽ ഒരാളായിരുന്നു ക്രിസ്റ്റ്യൻ മിഷേൽ. ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ഇടപാടിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ.ആന്റണി തന്നെ ഇടപാട് റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാൽ കരാർ ലഭിക്കുന്നതിനു മുമ്പ് തന്നെ ക്രിസ്റ്റ്യൻ മിഷേലിന് അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 30 മില്യൺ യൂറോ കൈക്കൂലി ലഭിച്ചിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016 ജൂണിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കരാറിനുവേണ്ടിയുള്ള രേഖകൾ ശരിയാക്കാനായിരുന്നത്രെ ഇത്.
കേസിൽ കൈക്കൂലി വാങ്ങിയതായി ആരോപണമുയർന്ന വ്യോമസേനാ മുൻ മേധാവി ഒ.പി ത്യാഗി 2016ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രതിരോധ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സർവീസിലുള്ളതോ വിരമിച്ചതോ ആയ ഒരു സേനാ മേധാവി ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ സംഭവമായിരുന്നു അത്.
എന്നാൽ കേസ് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മൊഴി നൽകാൻ കേന്ദ്ര സർക്കാർ ഏജൻസികൾ ക്രിസ്റ്റ്യൻ മിഷേലിനുമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. അഴിമതി ആരോപണം ഉയർന്നപ്പോൾ തന്നെ കരാർ റദ്ദാക്കുകയും, അന്വേഷണത്തിന് ഉത്തരവിടുകയും, ആരോപണ വിധേയമായ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയുമാണ് യു.പി.എ സർക്കാർ ചെയ്തത്. എന്നാൽ ആ കമ്പനിക്കു തന്നെ വീണ്ടും വാതായനം തുറക്കുകയായിരുന്നു ഈ സർക്കാർ ചെയ്തതെന്നും, മേക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പ്രതിരോധ കരാറിൽ ഈ കമ്പനിയെയും 2015ൽ സർക്കാർ പങ്കാളികളാക്കിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.