Sorry, you need to enable JavaScript to visit this website.

കഞ്ചാവടിക്കാറുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്; വിവാദമായപ്പോള്‍ തമാശയായി

മനില- തിരക്കേറിയ ഔദ്യോഗിക ജീവിതവുമായി ഒത്തു പോകുന്നതിന് കഞ്ചാവടിക്കാറുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ. കഴിഞ്ഞ മാസം സിംഗപൂരില്‍ നടന്ന ആസിയാന്‍ (തെക്കുകിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പ്രസിഡന്റ് കഞ്ചാവടിയുടെ കാര്യം വെളിപ്പെടുത്തിയത്. ഉച്ചകോടിക്കിടെ യോഗങ്ങള്‍ക്കു പിന്നാലെ യോഗങ്ങളായിരുന്നു. ഈ തിരക്കുകളിലും 'ഉണര്‍ന്നു' തന്നെയിരിക്കാന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് 73കാരനായ ഡുട്ടേര്‍ട്ടെ പറഞ്ഞത്. ശാരീരികമായി ദോഷംചെയ്യുന്ന പ്രവര്‍ത്തിയാണ്. എന്റെ ഈ പ്രായത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് ഞാന്‍ കഞ്ചാവ് ഉപയോഗിച്ച് ഉണര്‍ന്നിരിക്കാന്‍ ശ്രമിച്ചു- അദ്ദേഹം പറഞ്ഞു. ആസിയാന്‍ ഉച്ചകോടിയുടെ ഓര്‍ഗനൈസിങ് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

ഫിലിപ്പീന്‍സില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് നീണ്ട കാലത്തേക്ക് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിരിക്കെ താന്‍ കഞ്ചാവടിക്കാറുണ്ടെന്ന പ്രസിഡന്റി വെളിപ്പെടുത്തല്‍ രാജ്യത്ത് പലര്‍ക്കും ദഹിച്ചിട്ടില്ല. ഇതിനെ ചൊല്ലി വിവാദമുണ്ടാകുകയും ചെയ്തു. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലയില്‍ തടിയൂരുന്ന നിലപാട് ഡുട്ടേര്‍ട്ട സ്വീകരിച്ചത്. കഞ്ചാവടിക്കാറുണ്ടെന്ന് പറഞ്ഞത് വെറും താമശയാണെന്നും ഇതു കാര്യമായെടുത്തവര്‍ വിഡ്ഢികളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തി ആഗോള മാധ്യമങ്ങളില്‍ നിറയാറുള്ള ഡുട്ടേര്‍ട്ടയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു. അദ്ദേഹത്തിന് അര്‍ബുദമാണെന്ന വ്യാജ പ്രചാരണവും ഉണ്ടായിരുന്നു. അതേസമയം തനിക്ക് ഉദരസംബന്ധിയായ രോഗമുള്ള കാര്യം അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ നല്‍കണമെന്ന നിര്‍ദേശത്തെ അംഗീകരിക്കുന്നതായും അദ്ദേഹം കഴിഞ്ഞി ദിവസം പറഞ്ഞിരുന്നു.
 

Latest News