മൃതദേഹം രണ്ടു ദിവസത്തിനകം പുറത്തെടുക്കും
തലശ്ശേരി- മമ്പറം പറമ്പായി സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായിരുന്ന പി.നിഷാദിനെ കൊലപ്പെടുത്തിയ കേസിൽ ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി പറമ്പായി സലീം ക്രൈം ബ്രാഞ്ച് സംഘത്തോട് കുറ്റം സമ്മതിച്ചതായി സൂചന. നിഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പറമ്പായിയിലെ പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ച് മൂടിയതെന്നാണ് കുറ്റസമ്മത മൊഴി. ഇത് പ്രകാരം രണ്ട് ദിവസത്തിനകം മൃതദേഹം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് പുറത്തെടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു.പ്രേമൻ, സി.ഐ സനൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. നിഷാദിനെ കൊലപ്പെടുത്താൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഉറപ്പിച്ചത് ഗൾഫിൽ വെച്ചാണെന്ന മൊഴിയും പുറത്ത് വന്നിട്ടുണ്ട.് കൂത്തുപറമ്പിലെ ഒരു സ്ത്രീയുമായുള്ള അവിഹിത ബന്ധമാണ് നിഷാദിനെ കൊലപ്പെടുത്താൻ ഇടയായതെന്നാണ് വിവരം. 2005ൽ കളമശ്ശേരിയിൽ വെച്ച് തമിഴ്‌നാട് സർക്കാറിന്റെ ബസ് കത്തിച്ച കേസിലും സലീം പ്രതിയാണ്. സലീമിനെ കണ്ടെത്താൻ എൻ.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2012 ഒക്‌ടോബർ 21 നാണ് നിഷാദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത.് രാത്രി വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ വന്ന് വിളിച്ചതിനെ തുടർന്ന് നിഷാദ് പുറത്തേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിലെ ജീവനക്കാരനായ നിഷാദ് സാമ്പത്തികമായി ഉന്നതിയിലുള്ള കുടുംബത്തിലെ സ്ത്രീയുമായുള്ള അടുത്ത ബന്ധമാണ് കൊലപാതകത്തിന് കാരണമായെതന്നാണ് വിവരം. നിഷാദിന്റെ തിരോധാനം സംബന്ധിച്ച് ആദ്യം കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും കണ്ടെത്തിയിരുന്നില്ല. തീവ്രവാദ ബന്ധം ആരോപിച്ച് ബി.ജെ.പി പ്രക്ഷോഭം നടത്തുകയും നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രവർത്തനം തുടരുകയും ചെയ്തിരുന്നു. 2013 മെയ് 17ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മാറി മാറി വന്നിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചിരുന്നില്ല. ഒടുവിൽ ത്രീവ്രവാദ കേസിൽ സലീം ബംഗളൂരു പോലീസിന്റെ പിടിയിലായതോടെയാണ് നിഷാദിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത.്
ബംഗളൂരു സ്‌ഫോടന കേസിലെ 20-ാം പ്രതിയായ സലീമിനെ ഒക്‌ടോബർ 20 നാണ് പറമ്പായിയിലെ വീട്ടിൽ നിന്ന് കേരള പോലീസിന്റെ സഹായത്തോടെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.