ചെന്നൈ- തമിഴ് സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ ചേരാനുള്ള തീരുമാനം ദൈവത്തിനു വിട്ടു. ദൈവമാണ് നമ്മുടെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ ഞാന്‍ നടനായിരിക്കാനാണ് ദൈവഹിതം. ഇനി രാഷ്ട്രീയക്കാരനാവാനാണ് ദൈവഹിതമെങ്കില്‍ അതും നടക്കും.
ഒമ്പത് വർഷത്തെ ഇടവേളക്കുശേഷം ഇന്നലെ ചെന്നൈ രാഘവേന്ദ്ര വെഡിംഗ് ഹാളില്‍ ആരാധകരെ അഭിസംബോധന ചെയ്താണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ ചേരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനി അങ്ങനെ ഉണ്ടായാല്‍ സത്യസന്ധരല്ലാത്തവരില്‍നിന്ന് അകലം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നവരെ അംഗീകരിക്കില്ലെന്നും അത്തരക്കാരില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും കബാലി നായകന്‍ പറഞ്ഞു.
21 വർഷം മുമ്പ് ഒരു രാഷ്ട്രീയസഖ്യത്തെ പിന്തുണച്ച് അബദ്ധമായിരുന്നു. അതൊരു രാഷ്ട്രീയ അപകടമായിരുന്നു. അതിനുശേഷം രാഷ്ട്രീയക്കാർ പലകുറി എന്‍റെ പേര് ദുരുപയോഗം ചെയ്തു. അതുകൊണ്ട് എനിക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. ഞാന്‍ ഒരു പാർട്ടിയിലും ചേരുന്നില്ല- 66 കാരനായ രജനീകാന്ത് പറഞ്ഞു.
1996 ലെ നിയമഭാ തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് നടത്തിയ പരാമർശം അവരുടെ പരാജയത്തിലേക്ക് നയിച്ചുവെന്ന് പറയാറുണ്ട്.
മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് രജനീകാന്ത് പ്രസംഗം അവസാനിപ്പിച്ചത്. അക്ഷയ്കുമാറിനോടും അമി ജാക്സനോടുമൊപ്പം ശങ്കറിന്‍റെ 2.0 ആണ് രജനിയുടെ അടുത്ത ചിത്രം.