ബുലന്ദ്ഷഹര്‍- 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വ തീവ്രാവദികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചതിന്റെ പേരില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെതിരെ നിരന്തരം വധഭീഷണി ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തി. പോലീസ് ഓഫീസറായ തന്റെ ഭര്‍ത്താവിന്റെ കൊലപാതകം യാദൃശ്ചികമല്ലെന്നും ആസുത്രിതമായി നടന്ന ഗൂഢാലോചനയാണെന്നും ഭാര്യ ആരോപിച്ചു. ഉത്തരവാദിത്തതോടെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഓഫീസറായിരുന്നു ഭര്‍ത്താവെന്നും അവര്‍ പറഞ്ഞു. ഇത് ആദ്യമായല്ല അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്. അദ്ദേഹത്തിന് ആരും നീതി നല്‍കിയില്ല. ഇനി കൊലപാതികള്‍ക്ക് വധശിക്ഷ ലഭിക്കാതെ അദ്ദേഹത്തിന് നീതി ലഭിക്കില്ല- ഭാര്യ പറഞ്ഞു.
ഇതേ ആരോപണം ഉന്നയിച്ച് സുബോധ് കുമാറിന്റെ സഹോദരിയും രംഗത്തു വന്നു. 'എന്റെ സഹോദരന്‍ കൊല്ലപ്പെടാന്‍ കാരണം അദ്ദേഹം അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്നു എന്നതു കൊണ്ടാണ്. ഇത് പേലീസ് നടത്തിയ ഗൂഢാലോചനയാണ്. സഹോദരനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം'- സുബോധ് കുമാര്‍ സിങിന്റെ സഹോദരി പറഞ്ഞു. പോലീസ് ഓഫീസറുടെ സഹോദരന്‍ അതുല്‍ കുമാറും സര്‍ക്കാരിനെതിരെ രംഗത്തുവന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ വില പൂജ്യമാണെന്നും ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന ചുമതലയ്ക്കിടെ കൊല്ലപ്പെട്ട സഹോദരന് അര്‍ഹിക്കുന്ന ബഹുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ച പോലീസ് ഓഫീസറുടെ സംസ്‌കരണ ചടങ്ങുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ വന്നു സന്ദര്‍ശിക്കണമെന്നും കുടംബം ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സുബോധ് കുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌ക്കരിക്കാന്‍ കുടുംബം തയാറായത്.
ഗോരക്ഷാ ഗുണ്ടകള്‍ അഴിച്ചുവിട്ട കലാപം നേരിടാനെത്തിയ പോലീസ് സംഘത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് ഉണ്ടായിരുന്നത്. എന്നാല്‍ ആക്രമികള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ സുബോധ് കുമാര്‍ മാത്രം ഇരയായത് എങ്ങനെ എന്നതു സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുബോധിനെ തനിച്ചാക്ക് മറ്റു പോലീസുകാര്‍ രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മീറത്ത് എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
സുബോധ് കുമാറിന്റെ പക്കലുണ്ടായിരുന്ന സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. മര്‍ദനത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. സുബോധിനെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. തലയ്ക്ക് വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചതോടെയാണ് കലാപകാരില്‍ തോക്കും ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. സുബോധിന്റെ തലയ്ക്ക് മാരകമായി പ്രഹരവും ഏറ്റിട്ടുണ്ട്. ബി.ജെ.പി, ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് പശു സംരക്ഷണത്തിന്റെ പേരില്‍ ബുലന്ദ്ഷഹറില്‍ കലാപം നടത്തിയത്. കലാപം ന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ്.