ന്യുദല്‍ഹി- നാഷണല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പഴയ ആദായ നികുതി റിട്ടേണുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി അനുമതി നല്‍കി. 2011-12 സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച നികുതി വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തില്‍ നിന്ന് ആദായ നികുതി വകുപ്പിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി പ്രതികൂലമായി ഉത്തരവിട്ടത്. അതേസമയം കേസില്‍ അന്തിമ വിധി പറയാറായിട്ടില്ലെന്നും ഇരുവര്‍ക്കുമെതിരായ തുടര്‍നടപടി ഉത്തരവ് തല്‍ക്കാലം നടപ്പാക്കരുതെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരി എട്ടിന് വീണ്ടും വാദം കേള്‍ക്കും.
കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറള്‍ഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ എന്ന കമ്പനിയെ തിരിമറിയിലൂടെ സോണിയയും രാഹുല്‍ ബോര്‍ഡ് അംഗങ്ങളായ യംഗ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഈ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്നും 2000 കോടിയിലേറെ മൂല്യമുള്ള കമ്പനിയുടെ ആസ്തികള്‍ സ്വന്തമാക്കിയെന്നുമാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.