Sorry, you need to enable JavaScript to visit this website.

ഖുർആൻ മനഃപാഠമാക്കിയത് കാണാൻ ഉപ്പയില്ല; പിതാവിന്റെ ഖബറിനരികിൽ ബാലന്റെ സന്തോഷ പ്രകടനം

പ്രതീകാത്മക ചിത്രം (google)

ജിദ്ദ - വിശുദ്ധ ഖുർആനിലെ അഞ്ചു ഭാഗങ്ങൾ മനഃപാഠമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് പിതാവിന്റെ ഖബറിടം സന്ദർശിച്ച് പിതാവിനു വേണ്ടി പ്രത്യേകം പ്രാർഥന നടത്തി സൗദി ബാലൻ ഫഹദ് അബ്ദുറസാഖ് അതിയ്യയുടെ സന്തോഷ പ്രകടനം. ജിദ്ദയിൽ തഹ്ഫീസുൽ ഖുർആൻ സൊസൈറ്റിയായ 'ഖൈറുകും' നടത്തിയ പരീക്ഷ പൂർത്തിയാക്കിയ ഉടനെയാണ് പുത്രസ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീർത്ത് ഫഹദ് അതിയ്യ പിതാവ് ഖബറിടത്തിൽ സിയാറത്ത് നടത്തിയത്. മൂത്ത മകനെ പോലെ ഇളയ മകൻ ഫഹദും വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കണമെന്നത് പിതാവ് അബ്ദുറസാഖ് അതിയ്യയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഈ സ്വപ്‌നം സാക്ഷാൽക്കരിച്ചു കാണുന്നതിനു മുമ്പായി അബ്ദുറസാഖ് അതിയ്യ ഇഹലോകവാസം വെടിയുകയായിരുന്നു.
ഖുർആൻ ക്ലാസിലെയും അൽഅഖ്‌സ എലിമെന്ററി സ്‌കൂളിലെയും ഏറ്റവും മികച്ച വിദ്യാർഥികളിൽ ഒരാളാണ് ഫഹദ് അതിയ്യയെന്ന് അൽഹമൂദി ജുമാമസ്ജിദ് തഹ്ഫീസുൽഖുർആൻ ക്ലാസ് സെക്രട്ടറി ബാസിം അബ്ദുൽഹാദി പറഞ്ഞു. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുമെന്ന് പരീക്ഷക്കു മുമ്പായി ഫഹദ് അതിയ്യ തങ്ങളോട് പറഞ്ഞിരുന്നു. 95 ശതമാനം മാർക്ക് ലഭിച്ചാൽ പ്രത്യേക സമ്മാനം കൈമാറുമെന്ന് താൻ വിദ്യാർഥിയോട് പറഞ്ഞു. അല്ലാത്ത പക്ഷം ഖുർആൻ ക്ലാസിലെ അധ്യാപകർക്ക് അത്താഴത്തിന്റെ ചെലവ് വഹിക്കേണ്ടിവരുമെന്നും താൻ പറഞ്ഞു. തൊട്ടടുത്ത ദിവസം പരീക്ഷക്ക് പോകുന്നതിനിടെ ഇതേ കുറിച്ച് ഓർമിപ്പിച്ചപ്പോൾ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് താൻ നേടുമെന്ന് ഏറെ ആത്മവിശ്വാസത്തോടെ വിദ്യാർഥി പറഞ്ഞു. പരീക്ഷയിൽ ഫഹദിന് 98 ശതമാനം മാർക്ക് ലഭിച്ചു. പരീക്ഷ പൂർത്തിയായി മടങ്ങുന്നതിനിടെയാണ് തന്റെ വിജയം കാണുന്നതിന് പിതാവ് ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നതായി ഫഹദ് വെളിപ്പെടുത്തുകയും പിതാവിന്റെ ഖബറിടം സന്ദർശിച്ച് പിതാവിനു വേണ്ടി പ്രാർഥിക്കുന്നതിന് തങ്ങളുടെ സഹായം തേടുകയും ചെയ്തത്. ഇതുപ്രകാരം തങ്ങൾ ഫഹദിനെയും കൂട്ടി പിതാവിന്റെ ഖബറിടത്തിലേക്ക് പോവുകയായിരുന്നെന്നും ബാസിം അബ്ദുൽഹാദി പറഞ്ഞു.
ഫഹദിന്റെ പിതാവ് അബ്ദുറസാഖ് അതിയ്യ ജിദ്ദ കിംഗ് അബ്ദുൽഅസീസ് യൂനിവേഴ്‌സിറ്റി ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് കോളേജ് അധ്യാപകനായിരുന്നു. ജീവിതത്തിലെ അവസാന രാത്രി വിശുദ്ധ ഹറമിൽ ചെലവഴിച്ച ശേഷം പിറ്റേന്ന് വൈകീട്ട് പാവങ്ങൾക്കിടയിൽ നോമ്പുതുറക്കുള്ള ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനിടെ വാഹനമിടിച്ചാണ് അബ്ദുറസാഖ് അതിയ്യ മരണപ്പെട്ടത്. മൂത്ത മകൻ അബ്ദുല്ല അതിയ്യ വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠമാക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു അബ്ദുറസാഖ് അതിയ്യയുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞത്.
 

Latest News