ബുലന്ദ്ഷഹര്‍-ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗോഹത്യക്കെതിരെ പരാതിപ്പെട്ട ബജ്‌റംഗ് ദള്‍ പ്രവര്‍ത്തന്‍ യോഗേഷ് രാജാണ് മുഖ്യപ്രതി.
എഫ്.ഐ.ആറില്‍ 27 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബുലന്ദ്ഷഹറില്‍ അനധികൃത പശു കശാപ്പ് ആരോപിച്ച് തിങ്കളാഴ്ചയാണ് ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞവര്‍ നിറയൊഴിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്. വാഹനം പിന്തുടര്‍ന്നാണ് സുബോധ് കുമാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
സംഭവം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സുബോധ് കുമാറിനെ തനിച്ചാക്കി മറ്റു പോലീസുകാര്‍ എന്തുകൊണ്ട് സ്ഥലം വിട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മീറത്ത് മേഖലാ എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. പശുകശാപ്പിനെതിരെയും ആക്രമണത്തിനെതിരേയും രണ്ട് എഫ്.ഐ.ആറുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ എഫ്.ഐ.ആറില്‍ 60 പ്രതികളാണുള്ളത്.
ദാദ്രിയില്‍ അഖ്‌ലാഖിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് സുബോധ് സിംഗ്. സിയാന പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുബോധ് കുമാര്‍ സിംഗിന് മര്‍ദനമേറ്റതിനുപുറമേ വെടിയേറ്റതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാതെ നല്ല പൗരനായി വളരാനാണ് പിതാവ് തന്നെ എപ്പോഴും ഉപദേശിക്കാറുള്ളതെന്ന് സുബോധ് കുമാറിന്റെ മകന്‍ അഭിഷേക് പറഞ്ഞു. ഇന്ന് ഹിന്ദു-മുസ്്‌ലിം തര്‍ക്കത്തിന്റെ പേരില്‍ എന്റെ പിതാവിന് ജീവന്‍ നഷ്ടപ്പെട്ടു. നാളെ ആരുടെ പിതാവിന്റെ ജീവനാണ് നഷ്ടപ്പെടുക- സങ്കടമടക്കി അഭിഷേക് ചോദിക്കുന്നു. സുബോധ് കുമാര്‍ സിംഗിനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Related Story
യുപിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ ദാദ്രി ആള്‍കൂട്ടക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍