ഹൈദരാബാദ്- മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് 12 ശതമാനം ക്വോട്ട അനുവദിക്കാനുള്ള തെലങ്കാനയിലെ ടി.ആര്‍.എസ് സര്‍ക്കാരിന്റെ നീക്കം രാജ്യത്തോടും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറോടുമുള്ള വഞ്ചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ സംവരണം ദലിതരുടെ അവകാശങ്ങള്‍ കവര്‍ന്നാണെന്നും മോഡി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോഡി ഹൈദരാബാദില്‍ ബി.ജെ.പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. രാജ്യത്തിന്റെ ഐക്യവും ഉന്നമനവും മുന്‍ നിര്‍ത്തി മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം എന്തു വില കൊടുത്തും അനുവദിക്കരുതെന്ന് നിലപാടാണ് ഭരണഘടന രൂപീകരിച്ചപ്പോള്‍ മുന്‍കാല നേതാക്കള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടി.ആര്‍.എസിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരിനെതിരെ മോഡി രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. സംസ്ഥാനത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെയും മോഡി വിമര്‍ശിച്ചു. അധികാര ദാഹികളായവര്‍ സ്വന്തം കുടുംബത്തിനു വേണ്ടി അവരുടെ കസേര ഉറപ്പിക്കാനാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും മോഡി ആരോപിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് ക്വോട്ട വാഗ്ദാനം നല്‍കിയുള്ള ഈ കളി രാജ്യത്തോടുള്ള വഞ്ചനയല്ലെ? സുപ്രിം കോടതി ഇത് അനുവദിക്കില്ലെന്നിരിക്കെ ഈ വാഗ്ദാനം എങ്ങനെ പാലിക്കപ്പെടും? സുപ്രീം കോടതി ഒരു പരധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനപ്പുറം പോകാനാകില്ല. എന്നിരിക്കെ ദലിതരുടേയും പട്ടിക വിഭാഗത്തിന്റെ ഒ.ബി.സി വിഭാഗത്തിന്റേയും അവകാശങ്ങള്‍ കവരാമെന്നാണോ? സ്വന്തം കസേര ഉറപ്പിക്കാന്‍ ഇവരുടെ അവകാശങ്ങളെ കവരാന്‍ പിന്‍വാതിലിലൂടെ ഗൂഢാലോചന നടത്തുകയാണ്. ഇത് അനുവദിക്കാനാകുമോ?- മോഡി ബി.ജെ.പി അണികളോട് പറഞ്ഞു.