ന്യുദല്‍ഹി- വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സന്‍സ്‌കാര്‍ ആശ്രം എന്ന പെണ്‍കുട്ടികളുടെ അഭയ കേന്ദ്രത്തില്‍ നിന്ന് ശനിയാഴ്ച രാത്രി ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഞായറാഴ്ച ഇവിടുത്തെ അന്തേവാസികളായി പെണ്‍കുട്ടികളുടെ കണക്കെടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ എവിടെ പോയി എന്നതു സംബന്ധിച്ച് കേന്ദ്രം നടത്തിപ്പുകാര്‍ക്ക് ഒരു വിവരവുമില്ല. സംഭവത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടു. ബന്ധപ്പെട്ട ജില്ലാ അധികാരിയേയും അഭയകേന്ദ്രം സുപ്രണ്ടിനേയും സസ്‌പെന്‍ഡ് ചെയ്തു.
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം സംഭവത്തിനു പിന്നിലുള്ളതായി സംശയമുണ്ടെന്നും ഇത് മനുഷ്യക്കടത്താണെന്നും ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യകഷ സ്വാതി മാലിവാല്‍ പറഞ്ഞു. അഭയ കേന്ദ്രം അധികൃതരും മനുഷ്യക്കടത്തുകാരും വേശ്യാലയം നടത്തിപ്പുകാരും ഇതിനു പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു. ഈ അഭയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ കമ്മീഷനു പരാതികള്‍ ലഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.