Sorry, you need to enable JavaScript to visit this website.

പീഡന പരാതി നല്‍കാന്‍ ശ്രമിച്ച യുവതിയെ പ്രതികള്‍ തീയിട്ടു കൊല്ലാന്‍ ശ്രമിച്ചു

സിതാപൂര്‍- ഉത്തര്‍ പ്രദേശിലെ സിതാപൂരില്‍ 28കാരിയായ യുവതിയെ  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമച്ചവര്‍ ചേര്‍ന്ന് തീയിട്ടു കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി അപകടാവസ്ഥയില്‍ ആശുപത്രിയിലാണ്. തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടുകാരും സഹോദരങ്ങളുമായ യുവാക്കള്‍ക്കെതിരെ യുവതി മൂന്ന് തവണ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണയും ഇവരെ പരാതി സ്വീകരിക്കാതെ പോലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു. രാജേഷ്, രാമു എന്നീ രണ്ടു പേരാണ് യുവതിയെ പീഡിപ്പിക്കുകയും തീയിട്ടു കൊല്ലാനും ശ്രമിച്ചതെന്ന് വ്യക്തമായി. ഇവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ജോലിയില്‍ വീഴ്ച വരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

ഞായറാഴ്ച വീടിനു പുറത്തിറങ്ങിയ ഉടനെയാണ് യുവതി ആക്രമണത്തിനിരയായത്. യുവതിയുടെ മുഖവും അരയ്ക്കു മുകളില്‍ ശരീരഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റു. നവംബര്‍ 29നാണ് പ്രതികള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. രണ്ടു തവണ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയിലില്ലെന്ന് അവര്‍ പറയുന്നു. വീഴ്്ച സംഭവിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്- കേസ് അന്വേഷിക്കുന്ന ലഖ്‌നൗ സോണ്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ സുജീത് പാണ്ഡെ പറഞ്ഞു.

മതാപിതാക്കളെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് സഹോദരങ്ങളായ രാജേഷും രാമുവും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അതിക്രമം ചെറുത്ത യുവതി രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് യുവതിയെ തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞ് മടങ്ങുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. 


 

Latest News