മുംബൈ- പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ജെറ്റ് എയർവേയ്‌സിന്റെ പതിനാലു വിമാനസർവീസുകൾ റദ്ദാക്കി. ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ രോഗാവധി എടുത്തതാണ് സർവീസുകളെ പ്രതികൂലമായി ബാധിച്ചത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ജെറ്റ് എയർവേയ്‌സിൽ മുതിർന്ന മാനേജർമാർ, പൈലറ്റുമാർ, എൻജിനീയർ എന്നിവർക്ക് മാർച്ച് മുതൽ ശമ്പളം ലഭിച്ചിട്ടില്ല. സെപ്തംബറിൽ ഇവർക്ക് ശമ്പളം ഭാഗികമായി നൽകിയിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് പൈലറ്റുമാർ ജോലിക്ക് എത്താത്തത്.
അപ്രതീക്ഷിത കാരണങ്ങളാലാണ് പതിനാല് സർവീസുകൾ മുടങ്ങിയതെന്നും പൈലറ്റുമാരുടെ സമരം മൂലമല്ലെന്നും ജെറ്റ് എയർവേയ്‌സ് വക്താവ് അറിയിച്ചു. ജോലി ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചില പൈലറ്റുമാർ ജെറ്റ് എയർവേയ്‌സ് ചെയർമാൻ നരേഷ് ഗോയലിന് നേരിട്ട് കത്തയച്ചിട്ടുണ്ട്. മുടങ്ങിയ സർവീസുകളെ പറ്റി യാത്രക്കാർക്ക് എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. പൈലറ്റുമാരുമായും ചർച്ച നടന്നുവരികയാണെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.