പുതുതായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കലാപമായി മാറിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഫ്രാന്‍സ് ഞായറാഴ്ച വ്യക്തമാക്കിയതോടെയാണ് ഫ്രാന്‍സിലെ സംഭവവികാസങ്ങള്‍ ലോകശ്രദ്ധയിലെത്തുന്നത്. രണ്ടാഴ്ചയോളമായി ജനകീയ പ്രതിഷേധങ്ങള്‍ ഫ്രാന്‍സില്‍ വ്യാപകമായി നടന്ന് വരികയായിരുന്നു. ശനിയാഴ്ചയോടെ ഇതു രൂക്ഷമാകുകയും ഞായറാഴ്ചയോടെ വഷളാകുകയുമായിരുന്നു. മഞ്ഞ മുറിക്കുപ്പായവും മുഖം മൂടിയും ധരിച്ച ആള്‍ക്കൂട്ടങ്ങള്‍ തെരുവുകളും പൊതുസ്ഥലങ്ങളും തകര്‍ത്തു തരിപ്പണമാക്കിയും കൊള്ളയടിച്ചും വാഹനങ്ങള്‍ അടിച്ചുതകര്‍ത്തും തേരോട്ടം നടത്തുന്ന കാഴ്ചക്കാണ് പാരീസ് നഗരം സാക്ഷ്യം വഹിച്ചത്. അരനൂറ്റാണ്ടിനിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റുവം രൂക്ഷമായി ജനകീയ പ്രക്ഷോഭമാണിത്. പാരീസില്‍ മാത്രം നാനൂറിലേറെ പേരാണ് അറസ്റ്റിലായത്. 23 സുരക്ഷാ സേനാംഗങ്ങള്‍ അടക്ക നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 1968നു ശേഷം ഫ്രാന്‍സ് ഇത്ര രൂക്ഷമായ കലാപം കണ്ടിട്ടില്ല. ഗ്രനേഡുകള്‍ എറിഞ്ഞും കണ്ണീര്‍വാതക പ്രയോഗം നടത്തിയും ജലപീരങ്കിയടിച്ചുമാണ് പോലീസും സുരക്ഷാ സേനയും പ്രക്ഷോഭകാരികളെ നേരിട്ടത്. ഇതൊന്നും വകവയ്ക്കാതെ പ്രതിഷേധക്കാര്‍ ഷോപ്പുകള്‍ കൊള്ളടിച്ചും ഷോപ്പിങ് മാളുകളിലെ ചില്ലുകള്‍ അടിച്ചു തകര്‍ത്തും നിരവധി പേരെ ഭീഷണിപ്പെടുത്തിയും പോലീസിനോട് ഏറ്റുമുട്ടിയും സംഘര്‍ഷം തുടര്‍ന്നു.
എന്തിനാണ് ഈ പ്രക്ഷോഭം? എന്നാണ് പൊട്ടിപ്പുറപ്പെട്ടത്?
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ അധികാരമേറ്റെടുത്ത് 18 മാസം പിന്നിടുമ്പോഴാണ് ഈ പ്രക്ഷോഭം. മക്രോണിന്റെ പുതിയ നയങ്ങളാണ് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചത്. ഇന്ധന നികുതി വര്‍ധിപ്പിച്ചതാണ് പ്രധാനം. ഈ വര്‍ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ 17 മുതല്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. മാക്രോണ്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ അതൃപ്തിയുള്ള വിഭാഗം ജനങ്ങള്‍ സര്‍ക്കാരിനെതിരായ ഈ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഇതൊരു വലിയ പ്രക്ഷോഭമായി രാജ്യമൊട്ടാകെ പടരുകയായിരുന്നു. സമ്പന്നര്‍ക്കും വമ്പന്‍ വ്യവസായികള്‍ക്കും അനൂകൂലമായ സാമ്പത്തിക നയമാണ് മാക്രോണ്‍ പിന്തുടരുന്നതെന്നാണ് പലരുടേയും നിലപാട്. പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ വ്യാപിച്ച് ഒടുവില്‍ തെരുവുകളില് കലാപമായി പരിണമിക്കുകയായിരുന്നു. പലയിടത്തും പ്രക്ഷോഭകാരികള്‍ റോഡുകള്‍ ഉപരോധിച്ചും ഷോപ്പിങ് മാളുകളിലേക്കും ഫാക്ടറികളിലേക്കും പെട്രോള്‍ പമ്പുകളിലേക്കുമുള്ള പ്രവേശനം തടഞ്ഞുവച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭകാരികളായ മഞ്ഞക്കുപ്പായക്കാര്‍ ആരാണ്?
മഞ്ഞക്കുപ്പായ പ്രതിഷേധം എന്നാണ് ഇപ്പോള്‍ ഈ സമരത്തെ വിളിക്കുന്നത്. പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ കടുംമഞ്ഞ നിറത്തിലുള്ള ഫ്‌ളൂറസെന്റ് സേഫറ്റി ജാക്കറ്റാണ് അണിഞ്ഞിരിക്കുന്നത്. ഇങ്ങനെയാണ് യെല്ലോ വെസ്റ്റ് പ്രതിഷേധമായി മാറിയത്. ഇവര്‍ക്ക് ആരും നേതൃത്വം നല്‍കുന്നില്ല. ജനക്കൂട്ടം കൂടി ചേര്‍ന്നാണ് പ്രതിഷേധം. അതു കൊണ്ടു തന്നെ വേഗത്തില്‍ അധികൃതര്‍ക്ക് പിടികൊടുക്കുന്നിമില്ല.
ഇതൊരു സംഘടിത പക്ഷോഭമാണോ
ഫ്രാന്‍സില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഇതൊരു സംഘടിത രൂപത്തിലുള്ള പ്രതിഷേധമല്ല എന്നാണ്. യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങിയ മഞ്ഞക്കുപ്പായക്കാര്‍ക്കിടയിലേക്ക് തീവ്രവലതു പക്ഷ ഗ്രൂപ്പുകളും മറ്റു സര്‍ക്കാര്‍ വിരുദ്ധരും നുഴഞ്ഞു കയറി കലാപം അഴിച്ചുവിടുകയായിരുന്നുവെന്നും പറയപ്പെടുന്നു. പ്രതിഷേധക്കാര്‍ അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. തീവ്രവാദ സംഘടനകളില്‍ നിന്നും വിട്ടുനില്‍ക്കാനും സര്‍ക്കാര്‍ മഞ്ഞക്കുപ്പായക്കാരോട് ആവശ്യപ്പെടുന്നു.
ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാട്
കലാപമുണ്ടാക്കുന്നത് തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും നഗരപ്രാന്തങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൊള്ളക്കാരുമാണെന്നാണ് അധികൃര്‍ പറയുന്നത്. ഇത്തരം സംഘടനകളുടെ നിര്‍ദേശം കേട്ട് പ്രതിഷേധിക്കാനിറങ്ങിയവരാണ് അറസ്റ്റിലായവരില്‍ ഏറിയ പങ്കുമെന്ന് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫ് കാസ്റ്റനര്‍ പറയുന്നു. ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇതു കൊണ്ടൊന്നും നയങ്ങള്‍ മാറ്റാന്‍ പോകുന്നില്ലെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കുകയും ചെയ്തിട്ടു്ണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന ബോധ്യമുണ്ടെന്നും വക്താവ് ബെഞ്ചമിന്‍ ഗ്രിവോക്‌സ് പറഞ്ഞു. ആക്രമം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് മക്രോണും വ്യക്തമാക്കിയിട്ടുണ്ട്.
Related Story
ജീവിതം വഴിമുട്ടിയവര്‍ തെരുവിലിറങ്ങി; ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം രൂക്ഷം, പരക്കെ അക്രമം