ന്യൂദൽഹി - ദൽഹിയിൽ ആം ആദ്മി പാർട്ടി എം.എൽ.എയുടെ സഹായിയും പ്രാദേശിക നേതാവുമായ സൗരഭ് ഝാ, നിരായുധനായ ഒരാളെ പോലീസ് നോക്കിനിൽക്കെ വടികൊണ്ട് പൊതിരെ തല്ലുന്ന ദൃശ്യം പുറത്ത്. ഝായെ തടയാൻ പോലീസുകാരൻ ചെറുതായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നു. നവംബർ 14ന് നടന്ന സംഭവത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ദൽഹിയുടെ പ്രാന്തത്തിലുള്ള കിരാരിയിൽ റോഡിനു സമീപം നിലത്ത് ഷർട്ടില്ലാതെ ഇരിക്കുന്നയാളെയാണ് സൗരഭ് ഷാ മർദിക്കുന്നത്. സ്ഥലത്തെ എം.എൽ.എ ആയ റിതുരാജ് ഝായുടെ സഹായിയാണ് എ.എ.പിയുടെ പൂർവാഞ്ചൽ മോർച്ച പ്രവർത്തകൻ കൂടിയായ സൗരഭ്.
മർദനത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ മർദനമേൽക്കുന്ന വികാസ് എന്നയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് ഇയാളെയും കൂട്ടുകാരെയും നാട്ടുകാർ പിടികൂടി മർദിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസിനെയും കൂട്ടാളികളെയും നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് കൈകാര്യം ചെയ്തശേഷമാണ് പോലീസിന് കൈമാറിയത്. വികാസിന്റെ സഹോദരനെതിരെ രണ്ട് വർഷം മുമ്പ് ഒരു കൂട്ട ബലാത്സംഗ കേസ് നിലവിലുണ്ട്.
എന്നാൽ വികാസിന്റെ കുടുംബം പറയുന്നത് മറ്റൊരു കാര്യമാണ്. മകനെ കേസിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് വികാസിന്റെ അമ്മ, സൗരഭ് ഝായെ സമീപിച്ചിരുന്നുവെന്നും, അദ്ദേഹം കൈക്കൂലിയായി 25 ലക്ഷം രൂപ ചോദിച്ചുവെന്നുമാണ് അവർ പറയുന്നത്. പണം കൊടുക്കില്ലെന്ന് പറഞ്ഞതോടെ സൗരഭ് ഝാ ക്രുദ്ധനായി വികാസിനെ മർദിച്ചുവെന്നാണ് പറയുന്നത്. സംഭവത്തിൽ സൗരഭിനെതിരെ വികാസിന്റെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.