- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറ ചുമതലയേറ്റു
ന്യൂദൽഹി - അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഊർജിത തയാറെടുപ്പിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ സുനിൽ അറോറ. വോട്ടർ പട്ടിക, ഇ.വി.എമ്മുകൾ, വി.വി.പാറ്റ് മെഷീനുകൾ തുടങ്ങിയവ അതി സൂക്ഷ്മമായി സജ്ജമാക്കാനും, കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുമാവും കമ്മീഷൻ ശ്രമിക്കുക. ഇതിന് രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളുമടക്കം എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓം പ്രകാശ് രജാവത് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് അറോറ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ നിയമനം രാഷ്ട്രപതി നേരത്തെ നടത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷൻ വിശ്രമമില്ലാതെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വേളയിൽതന്നെയാണ് തലപ്പത്ത് പുതിയ ആളെത്തുന്നത്.
രാജ്യത്തെ 23ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് രാജസ്ഥാൻ കേഡറിലുള്ള 1980 ബാച്ച് ഐ.എ.എസ് ഓഫീസറായ സുനിൽ അറോറ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികൾ 62 കാരൻ വഹിച്ചിട്ടുണ്ട്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെയായിരിക്കും. കൂടാതെ മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാ പ്രദേശ്, ഒഡീഷ, ജമ്മു കശ്മീർ അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.