Sorry, you need to enable JavaScript to visit this website.

കള്ളപ്പണം; രണ്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ നൽകാമെന്ന് സ്വിറ്റ്‌സർലാൻഡ്

ന്യൂദൽഹി/ ബേൺ - കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവിധ വകുപ്പുകളുടെ അന്വേഷണങ്ങൾ നേരിടുന്ന രണ്ട് സ്ഥാപനങ്ങളുടെയും മൂന്ന് വ്യക്തികളുടെയും വിവരങ്ങൾ കൈമാറാമെന്ന് സ്വിറ്റ്‌സർലാൻഡ്. ജിയോഡെസിക് ലിമിറ്റഡ്, ആഥി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായും പങ്കജ് കുമാർ ഓംകാർ ശ്രീവാസ്തവ, പ്രശാന്ത് ശരദ് മുലേകർ, കിരൺ കുൽകർണി എന്നീ വ്യക്തികളുമായും ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണങ്ങൾക്ക് 'ഭരണപരമായ സഹായം' സ്വിസ് ഫെഡറർ ടാക്‌സ് വകുപ്പിന്റെ ഗസറ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിലൊരു സ്ഥാപനം ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് സെബിയുടെ അന്വേഷണം നേരിടുന്നുണ്ട്. മറ്റൊന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ ബന്ധങ്ങളുള്ള കമ്പനിയും. 
എന്നാൽ ഈ കമ്പനികളുമായും വ്യക്തികളുമായും ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളുടെയും സഹായങ്ങളുടെയും വിശദാംശങ്ങൾ സ്വിസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. നികുതി വെട്ടിപ്പ് തെളിയിക്കുന്ന രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയവയാണ് സാധാരണഗതിയിൽ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന വിവരങ്ങൾ.
ആരോപണവിധേയരായ സ്ഥാപനങ്ങളും വ്യക്തികളും പുതിയ വാർത്തയെ സംബന്ധിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. തങ്ങൾ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് മുമ്പ് ഇവർ പറഞ്ഞിരുന്നത്. സ്വിസ് സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ അപ്പീൽ നൽകാൻ ഇവർക്ക് അവകാശമുണ്ട്.
1982ൽ നിലവിൽവന്ന ടെക്‌നോളജി സ്ഥാപനമായ ജിയോഡെസിക്, ഒരു കാലത്ത് ഓഹരി വിപണിയിൽ വൻ വളർച്ച നേടുന്ന കമ്പനികളിലൊന്നായാണ് അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റ് പോലും പ്രവർത്തിക്കുന്നില്ല. സെബി, എൻഫോഴ്‌സ്‌മെന്റ് വകുപ്പ്, മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണം നേരിടുകയാണ് ഈ സ്ഥാപനം. ഇതിന്റെ ചെയർമാനായിരുന്നു പങ്കജ് കുമാർ. കിരൺ കുൽക്കർണി മാനേജിംഗ് ഡയറക്ടറും, പ്രശാന്ത് മുലേകർ എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്നു.
2014ൽ ചെന്നൈ ആസ്ഥാനമായി രജിസ്റ്റർ ചെയ്യപ്പെട്ട ആഥി എന്റർപ്രൈസസ്, റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസുകളിൽ വൻ കുതിച്ചുചാട്ടം നടത്തിവരികയായിരുന്നു. എന്നാൽ വൈകാതെ പണം വെളുപ്പിക്കൽ ഇടപാടുകളിലും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിലും പെട്ടു. കമ്പനിയുടെ പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് പല തവണ റെയ്ഡ് നടത്തിയിരുന്നു.
 

Latest News