- പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ഉന്നത തല യോഗം വിളിച്ചു
- അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍
പാരിസ്- രണ്ടാഴ്ചയായി ഫ്രാന്‍സില്‍ നടന്നു വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കലാപമായി മാറി. വര്‍ധിപ്പിച്ച ഇന്ധന നികുതി മൂലം ജീവിതച്ചെലവ് ഏറിയതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിനാളുകള്‍ മഞ്ഞ കുപ്പായവും മുഖം മൂടിയും ധരിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തലസ്ഥാനമായ പാരിസ് നഗരത്തില്‍ രൂക്ഷമായ അക്രമങ്ങള്‍ അരങ്ങേറി. ഞായറാഴ്ച മാത്രം 412 പേരെ അറസ്റ്റ് ചെയ്തു. 378 പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. വിവിധ അക്രമസംഭവങ്ങളില്‍ 263 പേര്‍ക്ക് പരിക്കേറ്റു. 23 സുരക്ഷാ സൈനികരും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് വ്യാപക അക്രമങ്ങളുണ്ടായി. പലതും തച്ചുതകര്‍ക്കപ്പെട്ടു. നിരവധി സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കപ്പെട്ടു. പാരിസിലെ പ്രശസ്ത യുദ്ധ സ്മാരകത്തില്‍ കലാപകാരികള്‍ ചായങ്ങള്‍ പൂശി അലങ്കോലമാക്കി.
യെല്ലോ വെസ്റ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന സംഘമാണ് വ്യാപക പ്രതിഷേധങ്ങള്‍ക്കു പിന്നില്‍. ഈ സംഘത്തിന് നേതൃത്വമില്ല. എന്നാല്‍ ഇവര്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. അതിക്രമികളായ അരാചകവാദികളും തീവ്രവലതു പക്ഷ ഗ്രൂപ്പുകളിലും യെല്ലോ വെസ്റ്റ്‌സില്‍ നുഴഞ്ഞു കയറിയതാണ് ശനിയാഴ്ച രൂക്ഷമായ കലാപത്തിനിടയാക്കിയതെന്ന് എ.എഫ്.പി റിപോര്‍ട്ട് ചെയ്യുന്നു.
കലാപത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യവും ഫ്രഞ്ച് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പാരിസില്‍ ഇന്ന് തിരിച്ചെത്തിയ ഉടന്‍ ഉന്നത തല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അക്രമങ്ങള്‍ നടന്ന പല സ്ഥലങ്ങളിലും മാക്രോണ്‍ സന്ദര്‍ശനം നടത്തി. ചിലയിടങ്ങില്‍ ജനങ്ങള്‍ പ്രസിഡന്റിനെ അധിക്ഷേപിച്ചും തെറിവിളിച്ചും കോലാഹലമുണ്ടാക്കി. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായ വര്‍ധിപ്പിച്ച ഇന്ധന നികുതി പിന്‍വലിക്കാന്‍ പ്രസിഡന്റ് മാക്രോണ്‍ ഒരുക്കമല്ല.