Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗ്രൂപ്പുകളില്‍ ആളെ ചേര്‍ക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു; ആഞ്ഞടിച്ച് വി.എം. സുധീരന്‍

തിരുവനന്തപുരം- കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ നിശിത വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്റെ ഫേസ് ബുക്ക് കുറിപ്പ്.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയത്തില്‍നിന്നു ജനശ്രദ്ധ തിരിക്കുന്നതിനായി ഇരുസര്‍ക്കാരുകളും  ബി.ജെ.പിയും സി.പി.എമ്മും സംഘടിതമായി വര്‍ഗീയ- രാഷ്ട്രീയ കുപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനെ ചെറുക്കാനും യഥാര്‍ത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കാനും ബാധ്യതപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാകട്ടെ 'ഗ്രൂപ്പുകളി'യില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്-സുധീരന്‍ പറയുന്നു.

'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിനുപകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്കു പൂര്‍ണമായി കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ദുഷ്‌ചെയ്തികളില്‍നിന്നു ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിഞ്ഞേ മതിയാകൂവെന്നും സുധീരന്‍ ആവശ്യപ്പെടുന്നു.

http://malayalamnewsdaily.com/sites/default/files/2018/12/02/sudheeran.jpg

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയത്തില്‍നിന്നും ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി ഇരു സര്‍ക്കാരുകളും അതിനെയെല്ലാം നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വര്‍ഗീയ-രാഷ്ട്രീയ കുപ്രചരണങ്ങള്‍ പൂര്‍വ്വാധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലാകട്ടെ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികളുടെ ഒത്തുകളി കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ പരസ്പരം ഒത്തുചേര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും കള്ളക്കളികളുമായി ഇക്കൂട്ടര്‍ മുന്നോട്ടുപോകുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

ഇതിനെയെല്ലാം ശക്തമായി ചെറുക്കാനും യഥാര്‍ത്ഥ സ്ഥിതി ജന മനസ്സിലേക്ക് എത്തിക്കാനും ബാധ്യതപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരാകട്ടെ 'ഗ്രൂപ്പുകളി'യില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പ് പോര് രൂക്ഷമാക്കിട്ടുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍ പട്ടികയിലേക്ക് അര്‍ഹരായവരെ ചേര്‍ക്കേണ്ട നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടര്‍പട്ടിക വെച്ച്  യൂത്ത് കോണ്‍ഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പണച്ചെലവ് വരുന്ന ഇതിനായി ഗ്രൂപ്പുകള്‍ ഒഴുക്കുന്നത് കോടികളാണ്. പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവര്‍ത്തകര്‍ക്ക് കടന്നുവരാന്‍ പ്രയാസകരമായ സാഹചര്യമാണ് നിലവിലുത്.

'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് പൂര്‍ണമായി തന്നെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

'പാര്‍ട്ടി തകര്‍ന്നാലും വിരോധമില്ല, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താല്‍ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് നേതാക്കള്‍ ചെയ്യുന്ന ഈ മഹാപാതകത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കോണ്‍ഗ്രസിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതും സ്വയം വിനാശകരവുമായ ഈ ഗ്രൂപ്പ് കിടമത്സരത്തില്‍ നിന്നും ഇനിയെങ്കിലും പിന്‍വാങ്ങാന്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പരിതാപകരമായ അവസ്ഥയിലായിരിക്കും പാര്‍ട്ടി എത്തിച്ചേരുക എന്നതില്‍ യാതൊരു സംശയവുമില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും നമ്മുടെ പ്രസിഡണ്ട് മുല്ലപ്പള്ളിയും കാര്യങ്ങള്‍ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കള്‍ കൈക്കൊള്ളുന്നത്.

ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്‌ചെയ്തികളില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ പിന്തിരിഞ്ഞേ മതിയാകൂ. ഇതിയായി ബന്ധപ്പെട്ട തലങ്ങളില്‍ ഫലപ്രദമായ ഇടപെടലുകളുണ്ടാകട്ടെ എന്നാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെല്ലാം പ്രത്യാശിക്കുന്നത്.

Latest News