Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യവനികയ്ക്കപ്പുറം, ആത്മബലിയുടെ ജ്വാലാമുഖം

അഹമ്മദ് മുസ്‌ലിം
അഹമ്മദ് മുസ്‌ലിം  ഡെസ്റ്റോയെവ്‌സ്‌കിയുടെ  വേഷത്തിൽ
നാടകത്തിൽ
റിയാലിറ്റി ഷോയിൽ
അഹമ്മദ് മുസ്‌ലിം ഉമ്മയോടും സഹോദരൻ പ്രൊഫ. അബ്ദുൽ മജീദിനോടുമൊപ്പം
അഹമ്മദ് മുസ്‌ലിം കരുനാഗപ്പള്ളി ലാലാജി വായനശാലയിൽ

ആയിരം വേദികളിൽ അരങ്ങ് തകർത്ത, തോപ്പിൽ ഭാസിയുടെ 'അളിയൻ വന്നത് നന്നായി' എന്ന പ്രസിദ്ധ നാടകത്തിലെ മുഖ്യകഥാപാത്രമായി അഭിനയിച്ച, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദധാരി, നാട്യങ്ങളില്ലാത്ത നാടകപ്രതിഭ, റിയാദിലെ മുൻ പ്രവാസി, ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഹമ്മദ് മുസ്‌ലിം എന്ന പ്രതിഭാശാലി ആരോരുമറിയാതെ കൊല്ലം കരുനാഗപ്പള്ളിയിൽ ഒതുങ്ങിക്കഴിയുന്നു. അരികുവൽക്കരിക്കപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ച്, ആടിത്തീർത്ത വേഷങ്ങളെക്കുറിച്ച്, അദ്ദേഹം മലയാളം ന്യൂസുമായി സംസാരിക്കുന്നു


മൂന്നു വർഷം മുമ്പൊരു ഡിസംബർ പുലരിയുടെ ശൈത്യത്തിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര റെയിൽപ്പാളങ്ങൾക്ക് മധ്യേ ഇരുകൈകളും ആകാശത്തേക്കുയർത്തി അദൃശ്യതയുടെ നിഴലായി, ഒരു മനുഷ്യന്റെ അവ്യക്തരൂപം. സോഫോക്ലിസിന്റെ ഗ്രീക്ക് ദുരന്തനായകനെപ്പോലെ ആ കൈകൾ, റെയിൽവെ സ്റ്റേഷനിൽനിന്ന് സിഗ്നൽവെളിച്ചം കിട്ടി പതിയെ നീങ്ങിത്തുടങ്ങിയ തീവണ്ടിയെ മാടി വിളിക്കാനെന്ന വിധം ഇരുവശത്തേക്കും നീട്ടി വീശുന്നുണ്ടായിരുന്നു. താടിയും മുടിയും നരച്ച പ്രാകൃതവേഷത്തിലുള്ള അയാളുടെ അവസാനത്തെ മൂളിപ്പാട്ട് തീവണ്ടി എൻജിന്റെ ആരവത്തിൽ മുങ്ങിപ്പോയിട്ടുണ്ടാവണം. 


ട്രെയിൻ ഡ്രൈവർ ഓച്ചിറക്കാരനായ ശ്രീധരനാണ്. സിഗ്നലിലെ പച്ചവെളിച്ചം കണ്ട് മുന്നോട്ടെടുക്കവെ ശ്രീധരൻ അകലെ പാളത്തിന്റെ നടുവിലെ ഈ കാഴ്ച കണ്ട് സഡൻ ബ്രേയ്ക്കിട്ടു. റെയിൽപ്പാളത്തിൽ ക്രിസ്തുരൂപം പോലെ ഒരാൾ. വണ്ടി കുലുക്കത്തോടെ നിന്നു. ഡ്രൈവർ ചാടിയിറങ്ങുമ്പോഴും ആത്മഹത്യയ്ക്കും കൊലയ്ക്കും മധ്യേ ആർത്തനാദം പോലെയെന്ന ചുള്ളിക്കാടിന്റെ കവിത മൂളുകയായിരുന്നു ആ മനുഷ്യൻ. ചാടിയിറങ്ങിയ ഡ്രൈവർ, സ്വയം മരിക്കാനൊരുങ്ങിയ അയാളെ തിരിച്ചറിഞ്ഞു. ഇരുവരും ഒരേ കാലഘട്ടത്തിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പഠിച്ചവർ. മുൻപിൻ നോക്കാതെ ശ്രീധരൻ, ആ മനുഷ്യന്റെ ചെകിടത്തൊന്ന് പൊട്ടിച്ചു. പിന്നെ പാളത്തിനു പുറത്തേക്ക് തള്ളി മാറ്റി. അഞ്ചു മിനുട്ട് മുമ്പ് ആകാശത്തേക്കുയർത്തിയ കൈകൾ, കോളേജ്‌മേറ്റായ എൻജിൻ ഡ്രൈവറുടെ നേരെ ദയാവായ്‌പോടെ നീണ്ടു. വിട്ടൊഴിയാത്ത മദ്യലഹരിയിൽ അയാൾ മൊഴിഞ്ഞു: സോറി, എനിക്ക് മാപ്പ് തരണം.
നാടകരംഗത്ത് നീണ്ട നാലു പതിറ്റാണ്ട് പിന്നിട്ട അഹമ്മദ് മുസ്‌ലിം എന്ന അഭിനയ പ്രതിഭയായിരുന്നു അത്. അൽപമൊന്ന് ശ്രദ്ധ തെറ്റിയിരുന്നെങ്കിൽ, അഥവാ തീവണ്ടിയുടെ വേഗത കൂടിയിരുന്നുവെങ്കിൽ തുണ്ടം തുണ്ടമാകേണ്ടിയിരുന്ന മനുഷ്യ ജീവൻ. ആൾക്കൂട്ടം ഈ കാഴ്ച കണ്ട് ചുറ്റിലും കൂടി. റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന മണ്ണേൽ നസീർ എന്ന കലാസ്‌നേഹിയായ യുവാവ്, അഹമ്മദ് മുസ്‌ലിമിനെ ഏറ്റെടുത്തു. തന്റെ വീട്ടിൽ പാർപ്പിച്ചു. 
അമിത മദ്യപാനം അരാജകത്വത്തിലേക്ക് തള്ളിവിട്ട അഹമ്മദ് മുസ്‌ലിം (62) ഇന്ന് പൊയ്‌പോയ കലാജീവിതത്തിന്റെ സുഖസ്മരണകളിൽ ഇടക്കുളങ്ങരയിലെ കൊച്ചുവീട്ടിൽ കഴിയുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഈയിടെ ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഷോയിലെ മുഖ്യാതിഥിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടപ്പോഴാണ് നാടകം ജീവിതമാക്കിയ ഈ പ്രതിഭാശാലിയെ കുറച്ച് പേരെങ്കിലും തിരിച്ചറിഞ്ഞത്. 

***    ***    ***

ജിദ്ദയിലെ നാടകപ്രവർത്തകനായിരുന്ന സന്തോഷ്ഖാനാണ് നാടകലോകത്തെ അഹമ്മദ് മുസ്‌ലിമിന്റെ അനർഘസംഭാവനകളെക്കുറിച്ച് ആദ്യമായി ഈ ലേഖകനോട് പറഞ്ഞത്. സന്തോഷ്ഖാന്റെ മാതൃസഹോദരനാണ് അഹമ്മദ് മുസ്‌ലിം. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചു. സന്തോഷ് ഖാന്റെ സ്‌നേഹപൂർവമായ നിർബന്ധമില്ലായിരുന്നുവെങ്കിൽ അദ്ദേഹം അഭിമുഖത്തിന് സമ്മതിക്കുമായിരുന്നില്ല. പുറംലോകം എന്നെ അറിയേണ്ടതില്ല എന്ന് ഭാവിക്കുന്ന ആ അന്തർമുഖത്വം പിന്നീട് അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും ദൃശ്യമാവുകയും ചെയ്തു. 
സ്വാതന്ത്ര്യസമരസേനാനിയും ദേശീയ നേതാവുമായ ലാലാലജ്പത്‌റായിയുടെ പേരിലുള്ള കരുനാഗപ്പള്ളി ലാലാജി വായനശാലയിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. പണ്ഡിറ്റ് നെഹ്‌റുവുൾപ്പെടെ നിരവധി നേതാക്കൾ സന്ദർശനം നടത്തിയതിന്റെ കൈയൊപ്പുകൾ പതിഞ്ഞ വായനശാലയിലിരുന്ന് അഹമ്മദ് മുസ്‌ലിം തന്റെ കഥ പറഞ്ഞു. പാറിപ്പറന്ന മുടിയും അലസവേഷവുമായി, ജീവിത പരിസരത്തോട് തീർത്തും നിസ്സംഗഭാവത്തിൽ, ചിലപ്പോഴൊക്കെ നാടകീയതയോടെ തന്റെ കലാജീവിതത്തിന്റെ കർട്ടനുയർത്തി. 


ശാസ്താംകോട്ട ഡി.ബി കോളേജിൽ പഠിക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച തിയേറ്റർ ആർട്ടിസ്റ്റ് പ്രൊഫ. ജി. ശങ്കരപ്പിള്ളയുമായുള്ള സഹവാസമാണ് അഹമ്മദ് മുസ്‌ലിമിലെ നാടകകലാകാരനെ പുറത്ത് കൊണ്ടു വന്നത്. വിദ്യാർഥിയായിരിക്കുമ്പോഴേ അഭിനയ മോഹം തലയ്ക്കു പിടിച്ച ഈ ചെറുപ്പക്കാരനെ ശങ്കരപ്പിള്ള സാർ സൂക്ഷ്മമായി ശ്രദ്ധിച്ചു തുടങ്ങി. കലാശാലാതലത്തിൽ നടത്തിയ നാടകമൽസരത്തിൽ മകുടി എന്ന നാടകം അഹമ്മദ് മുസ്‌ലിമും കൂട്ടുകാരും അരങ്ങേറി. ഈ നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം. 
സംസ്ഥാന സർക്കാർ തൃശൂർ അരണാട്ടുകരയിൽ സ്‌കൂൾ ഓഫ് ഡ്രാമ സ്ഥാപിക്കപ്പെട്ടപ്പോൾ അവിടെ ആദ്യത്തെ മേധാവിയായി എത്തിയ ശങ്കരപ്പിള്ള സാർ, അഹമ്മദ് മുസ്‌ലിമിനോട് അവിടെ ബിരുദപഠനത്തിനു ചേരാൻ നിർബന്ധിച്ചു. അതായിരുന്നു ഈ നടന്റെ വഴിത്തിരിവ്. പ്രസിദ്ധ സംവിധായകരായ ശ്യാമപ്രസാദ്, രഞ്ജിത്, വി.കെ. പ്രകാശ്, സന്ധ്യാ രാജേന്ദ്രൻ (നടൻ മുകേഷിന്റെ സഹോദരി), മുരളീ മേനോൻ എന്നിവരൊക്കെ അക്കാലത്ത് സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർഥികൾ. ഉൽസവഭരിതമായിരുന്നു സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനകാലമെന്ന് അഹമ്മദ് മുസ്‌ലിം അനുസ്മരിക്കുന്നു. അഭിനയത്തിൽ ബിരുദമെടുത്ത ശേഷം എം.എ ഇംഗ്ലീഷ് പി.ജിയെടുത്തു. ഇക്കാലത്താണ് ശങ്കരപ്പിള്ളയുടെ 'കറുത്ത ദൈവത്തെത്തേടി' എന്ന നാടകത്തിലെ അഭിനയത്തിന് അഹമ്മദ് മുസ്‌ലിമിന് ദേശീയ മെഡൽ ലഭിച്ചത്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തൃശൂർ കൾട്ട് എന്ന നാടകസംഘത്തോടൊപ്പം പ്രവർത്തിച്ചു. കാവാലം നാരായണപ്പണിക്കരുമായുള്ള ബന്ധം ഇക്കാലത്താരംഭിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങളിലും നല്ല വേഷങ്ങൾ ചെയ്തു. തോപ്പിൽ ഭാസിയുടെ പ്രസിദ്ധമായ 'അളിയൻ വന്നത് നന്നായി' എന്ന നാടകം ഇന്ത്യയ്ക്കകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളിൽ അരങ്ങ് തകർത്തു. നായകവേഷം അഹമ്മദ് മുസ്‌ലിമിനായിരുന്നു. പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ് നാഥ് എന്നിവരോടൊപ്പം ചേർന്ന് ഇക്കാലത്ത് സിനിമയുമായും സഹകരിച്ചു. ഈ സംവിധായകരോടൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചു. അതോടൊപ്പം നിരവധി അമേച്വർ- പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്തു. സാമുവൽ ബെക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദൊ, ഷെയ്ക്‌സ്പിയറിന്റെ മാക്‌ബെത്ത് എന്നീ നാടകങ്ങൾ അഹമ്മദ് മുസ്‌ലിം, മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും അരങ്ങിലെത്തിക്കുകയും ചെയ്തു. ഒ.വി. വിജയന്റെ പ്രസിദ്ധമായ കടൽത്തീരത്ത് എന്ന കഥ നാടകരൂപത്തിലാക്കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. നാടകത്തിനു വേണ്ടി ജീവിതം സ്വയം സമർപ്പിച്ചതിന്റെ സർഗമുദ്രകളായിരുന്നു ഇവയത്രയും. 


'റുഖിയ ഉമ്മാൾ നിസ്‌കരിക്കുകയാണ്' എന്ന നാടകത്തിലൂടെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം അഹമ്മദ് മുസ്‌ലിമിനു ലഭിച്ചതും ഇക്കാലത്താണ്. ഇതിനിടെ ദൂരദർശനു വേണ്ടി നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്തു. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന വിഖ്യാത നോവലിന്റെ നാടകാവിഷ്‌കാരം, നാടകകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ അഹമ്മദ് മുസ്‌ലിമിന്റെ യശസ്സ് കലാലോകത്ത് സവ്യസാചിത്വം നേടി. വൈക്കം മുഹമ്മദ് ബഷീറിന്റെ നിരവധി കഥകളുടെ നാടകാവിഷ്‌കാരവും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, രഞ്ജിത്തിന്റെ 'ലീല' എന്ന സിനിമയിലും (കഥ - ഉണ്ണി ആർ.) വി.കെ പ്രകാശിന്റെ 'മരുഭൂമിയിലെ ആന' 'യു ടേൺ' എന്നീ സിനിമകളിലും ചില ടെലിഫിലിമുകളിലും അഭിനയിക്കുകയും ചെയ്തു ഈ കലാകാരൻ. 
നാടകമെഴുത്ത്, വിവർത്തനം, അഭിനയം, സംവിധാനം എന്നീ നിലകളിലൊക്കെ സമർപ്പിത ചേതസ്സായി ഉൽസാഹപൂർവം സഞ്ചരിച്ചിട്ടും എന്തേ കേരളീയ സാംസ്‌കാരിക ലോകം താങ്കളെ വേണ്ടവിധം പരിഗണിച്ചില്ല എന്ന ചോദ്യത്തിന് അഹമ്മദ് മുസ്‌ലിമിന് ഉത്തരമുണ്ട്. മദ്യപാനം കൊണ്ട് ജീവിതം സ്വയം തകർത്തത് കൊണ്ടായിരിക്കണം. ഞാനൊരു മുഴുക്കുടിയനായിരുന്നു. ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം നല്ല നടപ്പ് തുടരുന്നു- അദ്ദേഹം പറഞ്ഞു.
സർഗ പ്രവർത്തനത്തിനിടെ, മദ്യപാനം പെരുകിയപ്പോൾ സുഹൃത്തുക്കളും സൗദിയിലുള്ള ബന്ധുക്കളും ചേർന്ന് റിയാദിൽ കൊണ്ടുവന്നു. കാര്യമായ ജോലിയൊന്നും കിട്ടിയില്ല. രണ്ടര വർഷം ഒരു പെട്രോൾബങ്കിലെ ജോലിക്കാരനായി. പിന്നെ നിരാശയോടെ തിരിച്ചുപോവുകയായിരുന്നു. 


സെലിബ്രിറ്റിയാകണമെന്ന മോഹമൊന്നും എനിക്കില്ലായിരുന്നു എന്നതും എന്നെ ആരും ശ്രദ്ധിക്കാത്തതിനു കാരണമായിരിക്കണം- അദ്ദേഹം പറയുന്നു. ഭരത് മുരളിയുമായുള്ള ബന്ധം ഏറെ ഹൃദയഹാരിയായിരുന്നു. നീണ്ടകരയിലൊരു നാടകോൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ മുരളി, സദസ്സിന്റെ ഏറ്റവും പിറകിലിരിക്കുന്ന അഹമ്മദ് മുസ്‌ലിമിനെ വേദിയിൽനിന്ന് കാണുകയും താഴേക്കിറങ്ങി വന്ന് അദ്ദേഹത്തെ നിർബന്ധിച്ച് സ്റ്റേജിലേക്കാനയിച്ച് ആ പരിപാടി അദ്ദേഹത്തിനു പകരം അഹമ്മദ് മുസ്‌ലിമിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയുമുണ്ടായി. ഈ സംഭവത്തോടെ ഇങ്ങനെയൊരാൾ നമുക്കിടയിലുണ്ടോ എന്ന് അദ്ഭുതം കൊള്ളുകയായിരുന്നു  അവിടത്തെ മുഴുവൻ കലാപ്രവർത്തകരും ഒപ്പം സദസ്യരും. മരിക്കുന്നത് വരെ മുരളി തന്റെ കാര്യത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നതായും സ്‌നേഹസൗഹൃദങ്ങൾ പങ്ക് വെച്ചിരുന്നതായും അഹമ്മദ് മുസ്‌ലിം ഓർക്കുന്നു. 
അവസാനമായി ഈ നടൻ അഭിനയിച്ച ടെലിഫിലിം പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെയാണ്. തിരക്കഥയാക്കിയതും സംവിധാനം ചെയ്തതും ഡെസ്റ്റോയെവ്‌സ്‌കിയായി അഭിനയിച്ചതുമെല്ലാം അഹമ്മദ് മുസ്‌ലിം തന്നെ. നോവൽ പകർത്തിയെഴുതാൻ വന്ന അന്നയോട് തന്റെ ജീവിതകഥ പറയുന്ന ഭാഗമൊക്കെ ഹൃദയഹാരിയായാണ് അഭിനയിച്ചതെന്ന് ആസ്വാദകലോകം വിധിയെഴുതി. ഒരു പാട് കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന കഥാനായകൻ, ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നൊന്നായി പിടികൂടിയ ആൾ, മൈക്കിളിന്റേയും മരിയയുടേയും മരണം, ജ്യേഷ്ഠൻ ഉണ്ടാക്കി വെച്ച കടങ്ങൾ.. സങ്കീർത്തനം പോലെ, ഏറെക്കുറെ ആത്മകഥാപരമാണെന്നും അത് കൊണ്ട് തന്നെ താൻ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും ഈ നടൻ ഓർക്കുന്നു. 


ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി, നാടക വായനയുമായി, ചിലപ്പോഴൊക്കെ ചെറിയ റോളുകളിലെ അഭിനയവുമായി, ഒതുങ്ങി ഇങ്ങനെ കഴിഞ്ഞു കൂടിയാൽ മതി. മറ്റ് ആശകളൊന്നുമില്ല. 
അനുസരണയില്ലാത്ത മുടി മാടിയൊതുക്കി ഈ മഹാനടൻ മന്ത്രിക്കുന്നു: 
ഒരിക്കൽ മരണം തോറ്റ് മടങ്ങി. ഇനി മരണം ഏത് സമയത്തും ഏത് രൂപത്തിലും കടന്നു വരട്ടെ, അപ്പോൾ യവനിക വീഴും. ഉള്ളിലെ തീനാളങ്ങൾ അണയും. ഫ്‌ളാഷ് ലൈറ്റ് കെടും. ഗ്രീൻ റൂം നിശ്ചലമാകും, പ്രോംപ്റ്ററുടെ മൊഴികൾ കേൾക്കാതാവും. 
അതെ, ബെക്കറ്റിന്റെ കഥാപാത്രം പോലെ, വെയിറ്റിംഗ് ഫോർ ഗോദൊ..
 

Latest News