കാംഗര്‍, മലേഷ്യ- ഇന്ത്യയിലെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ലെന്നും ഇസ്ലാമിന്റെ ശത്രുക്കളാണ് തന്നെ വേട്ടയാടുന്നതെന്നും പ്രശസ്ത പ്രബോധകന്‍ സാക്കിര്‍ നായിക്ക്. മലേഷ്യയില്‍ അഭയം തേടിയ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്വേഷ പ്രസംഗം, പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് സാക്കിര്‍ നായിക്ക് ഇന്ത്യയില്‍ നേരിടുന്നത്.
മലേഷ്യയില്‍ സ്ഥിരം താമസത്തിനുള്ള അനുമതി ലഭഫിച്ച 53 കാരനായ സാക്കിര്‍ നായിക് കഴിഞ്ഞ ഒരു വര്‍ഷമായി പൊതുപ്രഭാഷണങ്ങളൊന്നും നടത്തിയിട്ടില്ല.
മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ പെര്‍ലിസിന്റെ തലസ്ഥാനമായ കാംഗറില്‍ നടത്തിയ പ്രഭാഷണത്തിലാണ് താന്‍ നിരപരാധിയാണെന്നും ഇസ്ലാം വിദ്വേഷത്തിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞത്.
സമാധാനമാണ് ഞാന്‍ പ്രചരിപ്പിച്ചത്. മാനവികത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരങ്ങള്‍ സമര്‍പ്പിച്ചത്. സമൂഹത്തില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് എന്നെ ഇഷ്ടപ്പെടാത്തത്. ഇസ്ലാമിനെ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് എന്നെ ശത്രുക്കള്‍ ലക്ഷ്യമിട്ടത്- സാക്കിര്‍ നായിക് വിശദീകരിച്ചു.
ഇസ്ലാമിന്റെ മൗലികാധ്യാപനങ്ങള്‍ പിന്തുടരുന്ന താനൊരു മതമൗലികവാദിയാണ്. മുസ്ലിം മതമൗലികവാദിയെന്ന് വിളിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാക്കിര്‍ നായിക്കിനെ കൈമാറാന്‍ ഇന്ത്യ മലേഷ്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം തുടരുകയാണ്. മലേഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തിടത്തോളം കാലം സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തില്ലെന്ന് മലേഷ്യയിലെ പുതിയ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.