ന്യുദല്‍ഹി- രാമ ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് ദല്‍ഹിയില്‍ സംഘടിപ്പിച്ച റാലിക്ക് തണുത്ത തുടക്കം. ലക്ഷം പേര്‍ അണിനിരക്കുമെന്ന് പ്രതീക്ഷിച്ച് കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിക്ക് നൂറോളം പേര്‍ മാത്രമെ എത്തിയുള്ളൂ. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന സങ്കല്‍പ യാത്ര കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഝാണ്ഡെവാല ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. ഡിസംബര്‍ അഞ്ചിന് രാംലീല മൈതാനത്ത് അവസാനിക്കും. ആര്‍.എസ്.എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് സംഘാടകര്‍. ഇത് ഒരിടത്തു നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണെന്നും താമസിയാതെ കൂടുതല്‍ പേര്‍ അണിനിരക്കുമെന്നും സംഘടനയുടെ കോ-കണ്‍വീനല്‍ കമല്‍ തിവാരി മോശം പങ്കാളിത്തത്തെ തള്ളി. വരും ദിവസങ്ങളില്‍ ആയിരങ്ങള്‍ അണി ചേരുമെന്നും സമാപന ദിവസം രാംലീല മൈതാനത്ത് ഏട്ടു ലക്ഷം പേര്‍ റാലിക്കെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ രാമ ക്ഷേത്ര നര്‍മാണമെന്ന ആവശ്യം പൊടിതട്ടിയെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണനയിലിരിക്കെയാണിത്. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി ആര്‍.എസ്.എസും വിശ്വ ഹിന്ദു പരിഷത്തടക്കമുള്ള സംഘപരിവാര്‍ സംഘടനകളും ഏതാനും ആഴ്ചകളായി പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.