ദുബായ്- വ്യക്തിത്വമില്ലാത്തയാളെ എങ്ങനെ വ്യക്തിഹത്യ ചെയ്യുമെന്ന് നികേഷ് കുമാറിനെതിരെ ആഞ്ഞടിച്ച്കൊണ്ട് മുസ്ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍.എയുമായ കെ.എം.ഷാജി. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തിഹത്യ ചെയ്തുവെന്ന നികേഷ് കുമാറിന്റെ ആരോപണം പരാമര്‍ശിക്കുകയായിരുന്നു ഷാജി. യു.എ.ഇ ദേശീയദിനാഘാഷത്തിന്റെ ഭാഗമായി കെ.എം.സി.സി ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ പ്രചാരണത്തിലൂടെ വോട്ട് നേടിയെന്ന് ആരോപിച്ച് നികേഷ് കുമാര്‍ നല്കിയ ഹരജിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് ഷാജി യു.എ.ഇയില്‍ എത്തുന്നത്.
നാലാംകിട തട്ടിപ്പുകാരന്റെ മുന്നില്‍ തന്റെയും മുസ്ലിംലീഗിന്റെയും അഭിമാനം അടിയറവെക്കേണ്ടി വരില്ലെന്നും നീതി പീഠത്തിനുമുന്നില്‍ ജയിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സത്യസന്ധതയും ഉത്തരവാദിത്തവും വിശ്വാസ്യതയും തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല.
വര്‍ഗീയവാദികളോട് വോട്ട് വേണ്ടെന്ന് പറഞ്ഞ തന്നെ ഒരിക്കലും വര്ഗീയവാദിയാക്കാനാവില്ല-ഷാജി പറഞ്ഞു.