ന്യുദല്‍ഹി- ഹിമാലയന്‍ പര്‍വ്വതനിരകളില്‍ അതിശക്തമായ ഭൂകമ്പം ഭാവിയില്‍ ഏതു സമയത്തും ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഉത്തരാഖണ്ഡ് മുതല്‍ പടിഞ്ഞാറന്‍ നേപ്പാള്‍ വരെ നീണ്ടു കിടക്കുന്നമ മധ്യ ഹിമാലയന്‍ നിരകളില്‍ 8.5 തീവ്രതയില്‍ കൂടുതല്‍ ശക്തിയുള്ള ഭൂകമ്പമാണ് സംഭവിക്കാനിരിക്കുന്നതെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനം പറയുന്നു. വന്‍ ദുരന്തം വിതയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമായിരിക്കുമെന്നാണ് പറയപ്പെടുന്നത്്. സമീപ കാലത്ത് 2015ല്‍ നേപ്പാളില്‍ 9000ഓളം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം 8.1 തീവ്രതയിലുള്ളതായിരുന്നു. 2001ല്‍ ഗുജറാത്തില്‍ 11000ലേറെ പേര്‍ കൊല്ലപ്പെട്ട ഭൂകമ്പം 7.7 തീവ്രതയുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലെറെ ശക്തിയുള്ള ഭൂകമ്പമാണ് വരാനിരിക്കുന്നത്.
ബെംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ചിലെ ഭൂകമ്പശാസ്ത്രജ്ഞന്‍ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ, ഗുഗ്ള്‍ എര്‍ത്ത് എന്നിവര്‍ പുറത്തു വിട്ട വിവരങ്ങളും മാപ്പുകളും ഐ.എസ്.ആര്‍.ഒയുടെ കാര്‍ടോസാറ്റ്-1 ഉപഗ്രഹമെടുത്ത ചിത്രങ്ങളും വിശദമായി വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. നേരത്തെ ഇത്തരമൊരു ഭീകര ഭൂകമ്പം ഉണ്ടായത് പതിമൂന്നാം നൂറ്റാണ്ടിനു പതിനാലാം നുറ്റാണ്ടിനുമിടയിലാണെന്നും പഠനം പറയുന്നു. അന്ന് 600 കിലോമീറ്ററോളം ഭൂമി പിളര്‍ന്ന് തകര്‍ന്നിരുന്നു.
ഹിമാലയന്‍ മേഖലകളില്‍ ചെറു ഭൂകമ്പങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും വലിയ ഭൂകമ്പം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഈ ചെറു ഭൂകമ്പങ്ങള്‍ മേഖലയില്‍ വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെ സൂചനകളാണെന്ന് രാജേന്ദ്രന്‍ പറയുന്നു. ഉത്തരാഖണ്ഡ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ആന്റ് മാനേജമെന്റ് സെന്റര്‍ തലവന്‍ പിയൂഷ് റോട്ടെലയും നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നു.
2017ല്‍ ഡെറാഡൂണില്‍ നടന്ന ഒരു സംഘം ശാസ്ത്രജ്ഞരുടെ ശില്‍പ്പ ശാലയിലും വരനാരിക്കുന്ന വലിയൊരു ഭൂകമ്പത്തെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. ചെറിയ ഭൂകമ്പങ്ങള്‍ ഇതിന്റെ സൂചനയാണെന്നാണ് ഇവരുടേയും വാദം.