റിയാദ് - രാഷ്ട്രീയ, സാമ്പത്തിക, ഊർജ, സൈനിക, സാംസ്‌കാരിക, കാർഷിക മേഖലകൾ അടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ധാരണ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ധാരണയായത്. ജി-20 ഉച്ചകോടിക്കു തൊട്ടു മുമ്പാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, നിക്ഷേപ, കാർഷിക, ഊർജ, സാംസ്‌കാരിക, സാങ്കേതിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് നരേന്ദ്ര മോഡിയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വിശകലനം ചെയ്തു. സൗദി ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് വഴി ഇന്ത്യയിൽ പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ചും മറ്റു രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങൾക്കു പകരം ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് സഹായകമാകും വിധം കാർഷിക മേഖലയിൽ ഇന്ത്യയിൽ ലഭ്യമായ നിക്ഷേപാവസരങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും നൽകുന്നതിനുള്ള സൗദി അറേബ്യയുടെ സന്നദ്ധത യോഗത്തിൽ വിശകലനം ചെയ്തു. ഇന്ത്യയിൽ എണ്ണ റിഫൈനറി മേഖലയിലും എണ്ണ സംഭരണ മേഖലയിലും സൗദി അറാംകോ നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയും കിരീടാവകാശിയും ചർച്ച ചെയ്തു. സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ടും സൗദി കമ്പനികളും വഴി ഇന്ത്യയിൽ സൗരോർജ മേഖലയിൽ നിക്ഷേപം നടത്തുന്നതിന് കൂടിക്കാഴ്ചയിൽ ധാരണയായി. സൗദി കമ്പനികൾ ഇന്ത്യയിൽ സൗരോർജ പദ്ധതികൾ നടപ്പാക്കും. സൈനിക വ്യവസായങ്ങളുടെ സ്വദേശിവൽക്കരണം, സൈനിക വ്യവസായ മേഖലയിലെ പരസ്പര സഹകരണം, ഭക്ഷ്യസുരക്ഷ എന്നിവയെ കുറിച്ചും ഇരു നേതാക്കളും വിശകലനം ചെയ്തു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് രണ്ടു വർഷത്തിനിടെ നടപ്പാക്കിയ പദ്ധതികളും സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് രാസവളങ്ങൾ അടക്കം പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതിക്കുള്ള അവസരങ്ങളും ഉഭയകക്ഷി വാണിജ്യം വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യവസായ മേഖലയിൽ പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ഇന്റർനാഷണൽ സോളാർ എനർജി ഫെഡറേഷനിൽ സൗദി അറേബ്യ ചേരുന്നതിനുള്ള നരേന്ദ്ര മോഡിയുടെ ക്ഷണം കിരീടാവകാശി സ്വീകരിച്ചു. സഹമന്ത്രിമാരായ ഡോ. മുഹമ്മദ് അൽഈബാൻ, ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സാങ്കേതികവിദ്യ, കൃഷി, ഊർജം അടക്കമുള്ള മേഖലകളിൽ രണ്ടു വർഷത്തിനുള്ളിൽ സൗദി അറേബ്യ ഇന്ത്യയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ മന്ത്രാലയ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങളിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വിലയിൽ സ്ഥിരതയുണ്ടാക്കുന്നതിന് സൗദി അറേബ്യക്ക് എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ചും യോഗത്തിൽ വിശകലനം ചെയ്തു. ഇന്ത്യയിൽ സാങ്കേതികവിദ്യ, കൃഷി, ഊർജം അടക്കമുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് പദ്ധതിയുള്ളതായി കിരീടാവകാശി അറിയിച്ചിട്ടുണ്ടെന്നും വിജയ് ഗോഖലെ പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഫലപ്രദമായ ചർച്ച നടത്തി. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ വശങ്ങളും സാമ്പത്തിക, സാംസ്‌കാരിക, ഊർജ മേഖലകളിലെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ഞങ്ങൾ ചർച്ച ചെയ്തു -കൂടിക്കാഴ്ചക്കു ശേഷം മോഡി ട്വീറ്റ് ചെയ്തു.