ജയ്പുർ- രാജ്യത്തെ എല്ലാ നുഴഞ്ഞു കയറ്റക്കാരെയും ചവിട്ടി പുറത്താക്കി 2019ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ ജയിക്കുമെന്ന് പാർട്ടി പ്രസിഡന്റ് അമിത് ഷാ. കോൺഗ്രസ് നേതാക്കൾക്ക് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ താൽപര്യമില്ലെന്നും അവർക്ക് സോണിയാ ഗാന്ധി കീ ജയ് എന്ന് വിളിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പരിഹസിച്ചു. രാജസ്ഥാനിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജസ്ഥാനിൽ കോൺഗ്രസിന് ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും ഉയർത്തിക്കാട്ടാൻ കഴിഞ്ഞിട്ടില്ലെന്നും, വസുന്ധര രാജെയെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ജനങ്ങൾ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ ഭരണ കാലത്ത് പാക്കിസ്ഥാനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല. പാക്കിസ്ഥാനെതിരെ കർശന നടപടി സ്വീകരിച്ചത് ഇപ്പോഴത്തെ സർക്കാരാണ്. അതുപോലെ രാജ്യത്തെ ജനങ്ങളുടെ വികസനത്തിനു വേണ്ടി വിവിധ പദ്ധതികൾ കൊണ്ടുവന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. യു.പി.എ ഭരണകാലത്ത് കേന്ദ്രത്തിൽനിന്ന് രാജസ്ഥാന് ലഭിച്ചത് 1,09,242 കോടി രൂപയാണെങ്കിൽ മോഡി സർക്കാരിൽനിന്ന് അതിന്റെ ഇരട്ടിയാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.