ന്യൂദൽഹി- കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കൽക്കരി, ഖനന വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്തയടക്കം അഞ്ചു പേർ കുറ്റക്കാരെന്ന് ദൽഹിയിലെ സി.ബി.ഐ പ്രത്യേക കോടതി. അഴിമതി, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ വാദങ്ങൾക്കും ശിക്ഷ വിധിക്കുന്നതിനുമായി ഡിസംബർ മൂന്നിന് ഹരജി വീണ്ടും പരിഗണിക്കും. പ്രതികൾക്ക് പരമാവധി ഏഴു വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കും.
മുൻ കൽക്കരി മന്ത്രാലയ ഡയറക്ടർ കെ.സി.സമ്രിയ, ജോയിന്റ് സെക്രട്ടറി കെ.എസ്. ക്രോഫ, വികാസ് മെറ്റൽസ് ആൻഡ് പവർ ലിമിറ്റഡ് കമ്പനി (വി.എം.പി.എൽ), ഇതിന്റെ മാനേജിംഗ് ഡയറക്ടർ വികാസ് പട്‌നി, കമ്പനിയുടെ ഔദ്യോഗിക ഉടമ്പടിക്കാരനായ ആനന്ദ് മാലിക് എന്നിവരും കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രത്യേക ജഡ്ജ് ഭരത് പരഷാർ കണ്ടെത്തി.
പശ്ചിമ ബംഗാളിലെ കൽക്കരിപ്പാട ഖനാനുമതിയുമായി ബന്ധപ്പെട്ട് 2012 സെപ്റ്റംബറിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ബംഗാളിലെ വടക്കും തെക്കുമുള്ള കൽക്കരിപ്പാടങ്ങൾ വി.എം.പി.എല്ലിന് നൽകിയതിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
കൽക്കരിപ്പാട അഴിമതിയിൽ ഗുപ്ത മുഖ്യ പങ്ക് വഹിച്ചിട്ടുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. പിന്നീട് എൻ.ഐ.എയുടെ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത് സി.ബി.ഐ കോടതി ശരിവെക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുപ്തക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് വ്യത്യസ്ത കുറ്റപത്രങ്ങളും ഗുപ്തക്കെതിരെ ഫയൽ ചെയ്തിട്ടുണ്ട്. ഓരോ കേസും പ്രത്യേകമായിട്ടാണ് പരിഗണിക്കുന്നത്.
നേരത്തെ കമൽ സ്‌പോഞ്ച് ആൻഡ് സ്റ്റീൽ പവർ ലിമിറ്റഡ് (കെ.എസ്.എസ്.പി.എൽ), വിനി അയൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട രണ്ടു കൽക്കരി കേസുകളിലും ഗുപ്ത കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ കെ.എസ്.എസ്.പിഎല്ലുമായി ബന്ധപ്പെട്ട കേസിൽ ക്രോഫയും സമരിയയും കുറ്റക്കാരാണ്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ, എച്ച്.സി.ഗുപ്ത എന്നിവർക്ക് കഴിഞ്ഞ ഡിസംബറിൽ ഇതേ കോടതി മൂന്നുവർഷം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ജാർഖണ്ഡിലെ കൽക്കരിപ്പാടം കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. തടവു ശിക്ഷയ്ക്ക് പുറമെ, കോഡ 25 ലക്ഷവും ഗുപ്ത ഒരു ലക്ഷവും പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ജാർഖണ്ഡിലെ മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു, കോഡയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിജയ് ജോഷി എന്നിവർക്ക് മൂന്നു വർഷം വീതം തടവു ശിക്ഷയും വിധിച്ചിരുന്നു. കൽക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും പരിഗണിക്കുന്നതിനായി 2014 ജൂലൈ 25 നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഭരത് പരാഷറിനെ പ്രത്യേക ജഡ്ജിയായി സുപ്രീം കോടതി നിയമിച്ചത്.