റിയാദ്- താമസിക്കുന്ന ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വൻതോതിൽ സിം കാർഡുകൾ വിൽപന നടത്തി വരികയായിരുന്ന വിദേശികളെ റിയാദ് പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു. സമഗ്രമായ പരിശോധനയിൽ സിം കാർഡുകളുടെ വിപുലമായ ശേഖരം തന്നെ ഇവരുടെ സങ്കേതത്തിൽ കണ്ടെത്തി. വ്യാജ ഇഖാമയും സ്വദേശികളുടെ ഐ.ഡിയും നിർമിക്കുന്നതിനുള്ള കമ്പ്യൂട്ടറുകളും പ്രിന്ററുകളും വിരലടയാളം രേഖപ്പെടുത്തുന്ന മെഷീനും ഇവിടങ്ങളിൽ നിന്ന് പോലീസ് കണ്ടെടുത്തു. അറിയപ്പെടാത്ത ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ആവശ്യക്കാർക്ക് വിൽപന നടത്തി വരികയായിരുന്നു ഇവർ. സ്വദേശികൾക്ക് സംവരണം ചെയ്ത മൊബൈൽ ഫോൺ മേഖലയിൽ പ്രവർത്തിച്ചതിനും സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.