ലണ്ടന്‍- ഒരു കള്ളനെ ജോലിക്കായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ലണ്ടനില്‍ തുണിക്കട നടത്തുന്ന ഒരു ചെറുകിട സംരംഭക. വിദഗ്ധരായ കള്ളന്‍മാരെ തന്നെ വേണം. മണിക്കൂറില്‍ 50 പൗണ്ട് കൂലി ലഭിക്കും. പുറമെ മോഷ്ടിക്കുന്ന മൂന്ന് ഐറ്റംസ് സ്വന്തമാക്കുകയും ചെയ്യാം. ആകെ ചെയ്യേണ്ടത് മോഷ്ടിച്ചു കാണിക്കുകയാണ്. തൊഴിലവസരങ്ങള്‍ പരസ്യം ചെയ്യുന്ന ഒരു വെബ്‌സൈറ്റിലാണ് കടയുടമ ഈ അസാധാരണ പരസ്യം നല്‍കിയിരിക്കുന്നത്. ഇവര്‍ പേരുവിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഒരു കള്ളനെ ജോലിക്കെടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട് ഇവര്‍ക്ക്. വെറുതെ മോഷ്ടിച്ചു പോയാല്‍ മാത്രം പോര. കളവ് നടത്തിയ രീതികള്‍, പഴുതുകള്‍ ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എല്ലാം അടങ്ങിയ റിപ്പോര്‍ട്ടും ഉടമയ്ക്കു സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കള്ളന്‍ പലതവണ കടയില്‍ വന്ന് മോഷണം നടത്തിയിട്ടു വേണം ഈ റിപോര്‍ട്ട് തയാറാക്കാന്‍.
കടയില്‍ മോഷണം തടയാനാണ് ഈ അസാധാരണ പരിഹാര മാര്‍ഗം കടയുടമ അവലംബിച്ചിരിക്കുന്നത്. സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുന്നതില്‍ കള്ളന്‍മാര്‍ക്കാണല്ലോ മിടുക്ക്. ഇത് ഉപയോഗപ്പെടുത്താനാണ് ഒരു കഴിവുറ്റ കള്ളനെ തന്നെ ഇവര്‍ തേടിയത്. എന്നാല്‍ എലലാ കള്ളന്‍മാര്‍ക്കും ജോലി നല്‍കില്ല. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ എടുക്കില്ല. സുരക്ഷാ പഴുതുകള്‍ കണ്ടെത്താന്‍ മിടുക്കുള്ള പ്രൊഫഷണലുകളെയാണ് ആവശ്യം.
വര്‍ഷാവസാനവും ക്രിസ്മസുമെല്ലാം ആഗതമാകുന്നതോടെ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതാണ് പ്രധാന കാരണം. 2013ല്‍ കട തുടങ്ങിയ ഇവര്‍ക്ക് ഓരോ വര്‍ഷവും മോഷണത്തിലൂടെ വന്‍ നഷ്ടം സംഭവിക്കുന്നുണ്ട്. തിരക്കേറിയ സീസണുകളില്‍ കടയില്‍ ആരൊക്കെ വന്നു പോകുന്നു, എന്തൊക്കെ അടിച്ചു മാറ്റുന്നു എന്നൊന്നു നോക്കാന്‍ എല്ലായിടത്തും കണ്ണെത്തില്ല. ഓരോ വര്‍ഷവും ആയിരക്കണക്കിന് പൗണ്ടാണ് ഇങ്ങനെ മോഷണത്തിലൂടെ നഷ്ടം സംഭവിക്കുന്നത്. സിസിടിവി കാമറകള്‍ ഉണ്ടെങ്കിലും അതൊന്നും പൂര്‍ണമായും ഫലപ്രദമല്ല. ഇതോടെയാണ് ശരിക്കും ഒരു കള്ളനെ തന്നെ നിയോഗിച്ച് മോഷണ വഴികള്‍ കണ്ടെത്തി അവ അടക്കുന്നതിന് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും ഉടമയായ യുവതി പറയുന്നു.