Sorry, you need to enable JavaScript to visit this website.

ജാമ്യാപേക്ഷ തള്ളി; സുരേന്ദ്രന്റെ ജയില്‍ മോചനം നീളും

പത്തനംതിട്ട- ശബരിമലയില്‍ ചിത്തിര ആട്ടവിശേഷം ദിവസം 52  കാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാറാണ് പത്തനംതിട്ടയിലെത്തി സുരേന്ദ്രനുവേണ്ടി വാദിച്ചത്. ഇനി സുരേന്ദ്രന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടിവരും.
കോഴിക്കോട് കോടതിയിലുണ്ടായിരുന്ന ഒരു കേസില്‍ വെള്ളിയാഴ്ച ജാമ്യം ലഭിച്ചു. മറ്റ് നാലു കേസുകള്‍ പല കോടതികളിലായി നിലവിലുണ്ട്. 52 കാരിയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റേതടക്കം  നാലു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സുരേന്ദ്രന്റെ  പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ഒന്നാംപ്രതി സൂരജ് ഇലന്തൂരും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി നിലനില്‍ക്കുന്നതല്ലെന്നും  15 ദിവസത്തിന് ശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

 

Latest News