തൃശൂർ- ആരുടെയും കവിത മോഷ്ടിച്ചിട്ടില്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തുമെന്നും എഴുത്തുകാരി ദീപ നിശാന്ത്. തീർത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും മറ്റു ചിലരുടെ ജീവിതവുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താത്തത്. വരികൾ ഉറപ്പായതിന്റെ കാരണങ്ങൾ ഉടൻ പറയും. വരികൾ മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. കവിത മോഷ്ടിക്കേണ്ടതിന്റെ ആവശ്യം കലേഷിനുമില്ല. കലേഷിന്റെ കവിതയെയും എഴുത്തിനെയും വ്യക്തിപരമായി അറിയുന്നയാളാണ് താൻ. നവമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അക്രമണങ്ങളാണ്. ഇതിനെയെല്ലാം അവജ്ഞയോടെ തള്ളുന്നുവെന്നും ദീപ പറഞ്ഞു.
അതേസമയം, ദീപ നിശാന്തിനെതിരെ എ.ബി.വി.പി പ്രതിഷേധം തുടങ്ങി. തൃശൂർ സാഹിത്യഅക്കാദമിക്ക് മുന്നിൽ എ.ബി.വി.പി പ്രകടനം നടത്തി.
ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.
കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.
ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.
എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.
ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.