റിയാദ്-പ്രതിസന്ധിയുടെ നാളുകളാണ് ഗള്‍ഫ് പ്രവാസികള്‍ക്കെങ്കിലും ഇതിനിടയ്ക്ക് ആഹ്ലാദത്തിന്റേയും ആശ്വാസത്തിന്റേയും വാര്‍ത്തയാണ് കാത്തിരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനം. പത്ത് നാളുകള്‍ പിന്നിടുമ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. വടക്കേ മലബാറുകാരായ ധാരാളം പ്രവാസികളുള്ള റിയാദ് മേഖലയില്‍ ഇതിന്റെ ആവേശം പ്രകടമാണ്. മട്ടന്നൂരില്‍ നിന്ന് നാലും അഞ്ചും മണിക്കൂറുകള്‍ താണ്ടി ഗതാഗത കുരുക്കുകളിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി ഗള്‍ഫിലേക്ക് ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ വിമാനത്താവളം.
കണ്ണൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ആദ്യ ദിവസം തന്നെ വിദേശ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതും പുതുമയാണ്. കേരളത്തില്‍ ഒരു വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്ന ദിവസം തന്നെ വിദേശ സര്‍വീസുകള്‍ തുടങ്ങുന്നത് ഇതാദ്യമാണ്. റിയാദിലെ കണ്ണൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ കിയോസിന്റെ (കണ്ണൂര്‍ എക്സ്പാട്രിയറ്റ്സ് അസോസിയേഷന്) അംഗങ്ങള്‍ ആദ്യ നാളുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള പദ്ധതിയിലാണ്. കണ്ണൂരില്‍ നിന്നുള്ള കന്നി സര്‍വീസായ അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ് ആദ്യ സര്‍വീസിന്റെ ടിക്കറ്റ് വില്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റഴിയുകയായിരുന്നു. ഇതിനൊപ്പം തന്നെ റിയാദിലേക്കുള്ള ടിക്കറ്റ് വില്പനയും വളരെ പെട്ടെന്നാണ് അവസാനിച്ചത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ യാത്രക്കാരനായി റിയാദിലെ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.പി മുഹമ്മദുമുണ്ടാവും. ഇതിനായി അദ്ദേഹം അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും. കണ്ണൂര്‍ എടയന്നൂര്‍ സ്വദേശിയാണ് ദീര്‍ഘകാലം ജിദ്ദയിലും പിന്നീട് റിയാദിലും പ്രവാസം നയിക്കുന്ന ടി.പി മുഹമ്മദ്. വീട്ടുമുറ്റത്ത് നിന്ന് ഫ്ളൈറ്റ് കയറി വരാനാവുമെന്നതിന്റെ ത്രില്ലിലാണ് മട്ടന്നൂര്‍ ഏരിയ ഡവലപ്പ്മെന്റ് കമ്പനി (മഡാക്) ചെയര്‍മാനായ ടി.പി മുഹമ്മദ്. വീട്ടില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെയാണ് പുതിയ വിമാനത്താവളം. സൗദിയിലെ മുനാ സ്കൂള്‍ ഗ്രൂപ്പ്, ബിഎന്‍ബി ഗ്രൂപ്പ് എന്നിവയ്ക്ക് നേതൃത്വം നല്കുന്ന ടി.പി മുഹമ്മദ് കണ്ണൂര്‍ വിമാനത്താവള പ്രദേശത്തും വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് മട്ടന്നൂരില്‍ മലബാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു. 2019 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യാന്‍ പാകത്തില്‍ മട്ടന്നൂരില്‍ കണ്വെന്ഷന് സെന്റര്‍ നിര്‍മാണം പുരോഗമിക്കുകയാണ്. വിമാനത്താവളം വരുന്നതോടെ ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണ്ടറിഞ്ഞ് ഫ്ളാറ്റ് സമുച്ചയം നക്ഷത്ര ഹോട്ടല്‍ എന്നിവ നിര്‍മിക്കാനും മഡാക്കിന് പദ്ധതിയുണ്ടെന്ന് ടി.പി മുഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പഞ്ച നക്ഷത്ര ഹോട്ടലില്ലെന്ന ന്യൂനത പരിഹരിക്കാനും ഇതിലൂടെ കഴിയും. കോഴിക്കോട് തൊണ്ടയാടുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന ജെയ്സ്ഡോ സൊലൂഷന് സോഫ്റ്റ് വെയര്‍ കമ്പനിയുടെ ശാഖ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് തുടങ്ങാനും പദ്ധതിയുണ്ടെന്നും സംരംഭകനായ ടി.പി വ്യക്തമാക്കി.