ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ രാഷ്ട്രീയ വാഗ്വാദത്തിന് തിരികൊളുത്തി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചാ കണക്കുകളില്‍ 'തിരിമറി' നടത്തി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് എന്‍.ഡി.എ സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വീണ്ടും കണക്കെടുപ്പ് നടത്തി വെട്ടിക്കുറച്ചത്. 2011-12 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി കണക്കാക്കി മുന്‍ വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ പുനപ്പരിശോധിച്ചാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (സി.എസ്.ഒ) ഈ വെട്ടിക്കുറക്കല്‍ നടത്തിയിരിക്കുന്നത്.
ബുധനാഴ്ച സി.എസ്.ഒ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രണ്ടാം യുപിഎ സര്‍ക്കാരിന്റേയും ആദ്യ നാലു വര്‍ഷങ്ങളില്‍ കൈവരിച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശരാശരി 6.7 ശതമാനമാണ്. ഇത് നേരത്തെ ഇത് യഥാക്രമം 8.1 ശതമാനവും ഏഴു ശതമാനവുമായാണ് രേഖപ്പെടുത്തിയിരുന്നത്. 2004-05 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. 2011-12 അടിസ്ഥാനമാക്കിയുള്ള പരിഷ്‌ക്കരിച്ച കണക്കുകള്‍ പ്രകാരം നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ ശരാശരി 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായും പുതിയ കണക്കുകള്‍ പറയുന്നു. ഇത് യു.പി.എ സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. യുപിഎ കാലത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 10.3 ശതമാനമായിരുന്നു (2010-11). എന്നാല്‍ പുനപ്പരിശോധനയ്ക്കു ശേഷമുള്ള നിരക്ക് 8.30 ശതമാനമായി കുറച്ചിരിക്കുന്നു. രാജ്യം ആദ്യമായി രണ്ടക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച വര്‍ഷമായിരുന്നു ഇത്. രണ്ടക്ക വളര്‍ച്ച നേടിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വിവര സ്രോതസ്സുകളും മാറ്റിയ രീതിശാസ്ത്രവും ഉപയോഗിച്ച് നടത്തിയ പഴയ കണക്കുകളിലെ ഈ പുനരേകീകരണം മുന്‍ വര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്കുകള്‍ കുറച്ചു. സ്റ്റാറ്റിസ്റ്റിക് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഇതു നടത്തിയത്. തെറ്റിദ്ധരിപ്പിക്കാനോ യാഥാര്‍ത്ഥ്യം പ്രതിഫലിപ്പിക്കാത്ത എന്തെങ്കിലും ചെയ്യാനോ ഉദ്ദേശമില്ലെന്നും നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. പുതിയ കണക്കെടുപ്പിന് അടിസ്ഥാനമാക്കിയത് രാജ്യന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള രീതിശാസ്ത്രവും തത്വങ്ങളുമാണെന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവ പറഞ്ഞു. 2005-06, 2006-07 സാമ്പത്തിക വര്‍ഷങ്ങളില്‍ 9.3 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് 7.9 ശതമാനം (2005-06), 8.1 ശതമാനം (2006-07)എന്നിങ്ങനെ കുറച്ചു. 2007-08 സാമ്പത്തികവര്‍ഷം 9.8 ശതമാനമായിരുന്ന നിരക്ക് 7.7 ശതമാനമായും കുറച്ചു.
ഈ കണക്കുകള്‍ പുറത്തു വന്ന ഉടന്‍ ബി.ജെ.പി കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നതോടെ രാഷ്ട്രീയ പോരിനും തുടക്കമായി. തങ്ങളുടെ ഭരണകാലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലവിലെ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണെന്ന കോണ്‍ഗ്രസിന്റെയും മുന്‍ധനമന്ത്രി പി ചിദംബരത്തിന്റേയും വാദം തകര്‍ന്നുവെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു. ഇത് മോശം തമാശയാണെന്നും ശരിക്കും ഇതിലേറെ കഷ്ടമാണെന്നും പി ചിദംബരം തിരിച്ചടിച്ചു. പുതിയ കണക്കുകള്‍ വെറും വെട്ടല്‍ മാത്രമാണെന്നും തീര്‍ത്തും ഒരു ഗുണവുമില്ലാത്ത സ്ഥാപനത്തെ (നിതി അയോഗ്) പിരിച്ചു വിടണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത് മോഡി സര്‍ക്കാരിന്റെ കൂടോത്ര സാമ്പത്തിക ശാസ്ത്രമാണെന്നും സാമ്പത്തിക രംഗത്തെ തിരിച്ചടികള്‍ മറച്ചു വയ്ക്കാനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. 'സ്വേച്ഛാധികാരിയായ പ്രധാനമന്ത്രിയും കപട സാമ്പത്തികശാസ്ത്രജ്ഞനായ ധനമന്ത്രിയും ചിന്തിക്കാതെ എടുത്ത നോട്ടു നിരോധനം, പാളിയ ജി.എസ്.ടി, ഒപ്പം നിതുകി ഭീകരതയും അടക്കമുള്ള തീരുമാനങ്ങള്‍ സാമ്പത്തിക മേഖലയെ പുരങ്ങലിലാക്കിയിരിക്കുകയാണ്. മോഡിയുടേയും ജെയറ്റ്‌ലിയുടേയും ഈ കൂടോത്ര സാമ്പത്തികശാസ്ത്രം പൂര്‍ണമായും തള്ളപ്പെട്ടതോടെ ഈ വന്‍ തിരിച്ചടികള്‍ മറച്ചുപിടിക്കാനുള്ള തട്ടിപ്പാണ് ദുരുദ്ദേശത്തോടെയുള്ള ഈ ജി.ഡി.പി കണക്കുകളിലെ തിരിമറി- സുര്‍ജെവാല പറഞ്ഞു.