സ്റ്റോക്‌ഹോം- 179 യാത്രക്കാരുമായി ന്യൂദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് സ്വീഡനിലെ സ്റ്റോക്‌ഹോം വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യാ വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ കെട്ടിടത്തിലിടിച്ചു. വിമാനത്തിന്റെ ചിറകിന്റെ അറ്റമാണ് മുഖ്യ ടെര്‍മിനലിനു സമീപത്തുള്ള കെട്ടിടത്തിലിടിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി ടെര്‍മിനലിലേക്കു മാറ്റി. അഗ്നി ശമന സേനയും മറ്റു സുരക്ഷാ സന്നാഹങ്ങളും ഞൊടിയിടയില്‍ പ്രവര്‍ത്തന സജ്ജമായി. എങ്കിലും വന്‍ ദുരന്തമുണ്ടായില്ല. അപകട കാരണം വ്യക്തമല്ല. രാജ്യാന്തര വിമാനങ്ങള്‍ വന്നിറങ്ങുന്ന ടെര്‍മിനല്‍ അഞ്ചിനു സമീപമാണ് എയര്‍ ഇന്ത്യാ വിമാനം അപടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.