ജയ്പുർ - ഭാരതീയ ജനതാ പാർട്ടിയുടെ തീപ്പൊരി നേതാവ് ഒടുവിൽ ഹനുമാന്റെ ജാതി വെളിപ്പെടുത്തി. രാജസ്ഥാൻ തെരഞ്ഞെടുപ്പ് റാലിയിൽ ദളിത് വോട്ട് ലക്ഷ്യമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാന പ്രചാരകനുമായ യോഗി ആദിത്യനാഥാണ് ഹനുമാനും ജാതി സർട്ടിഫിക്കറ്റ് നൽകിയത്. ഹനുമാൻ ആദിവാസി ഗോത്ര ദളിതനാണെന്ന് രാജസ്ഥാനിലെ ദളിത് വിഭാഗം ഏറെയുള്ള ആൽവാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടാണ് യോഗിയുടെ പ്രസ്താവന.
ഹനുമാൻ വനവാസിയായ ഗോത്ര ദളിതനാണ്. അദ്ദേഹം ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചെന്നും യോഗി പറയുന്നു. ശ്രീരാമന്റെ ആഗ്രഹം പൂർത്തിയാക്കാനാണ് ഹനുമാൻ ആഗ്രഹിച്ചിരുന്നത്. ഇനി ആ ആഗ്രഹം നിറവേറ്റേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പു റാലികളിലെ ഏറ്റവും തിരക്കേറിയ യോഗി ആദിത്യനാഥ് കോൺഗ്രസിനെയും കടന്നാക്രമിക്കാൻ മറന്നില്ല. രാമഭക്തർ കാവിക്കൊടിക്ക് വോട്ടു നൽകുമെന്നും രാവണനെ പൂജിക്കുന്നവർ കോൺഗ്രസിന് വോട്ട് നൽകുമെന്നും യോഗി പറയുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് ആവർത്തിക്കുന്നതായിരുന്നു യോഗിയുടെ പ്രസംഗങ്ങളെല്ലാം തന്നെ. മുഖ്യ പ്രചാരണ ആയുധവും രാമൻ തന്നെ. ബി.ജെ.പിയുടെ ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് അയോധ്യയും രാമക്ഷേത്രവും. യോഗി ആദിത്യനാഥ് ഹിന്ദുത്വവാദം ഇളക്കി വിടുമ്പോൾ ബി.ജെ.പിയുടെ നായകനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോഡി സ്വയം വികസനത്തിന്റെ മുഖമായി അവതരിക്കുകയാണ്. ഇതാദ്യമായല്ല യോഗി ഹനുമാനെ വോട്ടിനായി കൂട്ടു പിടിക്കുന്നത്. ഛത്തീസ്ഗഢിലും ഹനുമാൻ ദളിതനാണെന്ന് പറഞ്ഞിരുന്നു.