ഭോപാൽ- ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ് ഇന്നലെ വിധി എഴുതി. രാജ്യത്ത് ഭരണമാറ്റം നടക്കുമോ എന്നതിന്റെ സൂചന ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ലഭിക്കും. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കും ഭരണം തിരിച്ചു പിടിക്കാൻ ഇറങ്ങിയ കോൺഗ്രസിനും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചാണ് പൊടിപാറിയ പ്രചാരണം അവസാനിച്ചത്. വിവിപാറ്റ് യന്ത്രം ചിലയിടങ്ങളിൽ പണിമുടക്കിയതൊഴിച്ചാൽ പോളിംഗ് പൊതുവേ ശാന്തമായിരുന്നു. ഇന്നലെയായിരുന്നു മിസോറമിലും വോട്ടെടുപ്പ്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വേദിയിലെ ഏറ്റവും ജനപ്രിയ താരം കോൺഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു, ജ്യോതിരാദിത്യ ഗുണ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം.പിയാണ്. സ്ഥാനം രാജിവെച്ച് മത്സരിക്കുന്നില്ലെങ്കിലും കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യക്ക് തന്നെയാണ്. ഗ്വാളിയോർ രാജ കുടുംബാംഗമായ ജ്യോതിരാദിത്യയെ എതിരിടാൻ 'ശിവ്‌രാജ് വേഴ്‌സസ് മഹാരാജ്' എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം.
പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമയം മാറ്റിവെച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
മറ്റൊരു പ്രധാന സ്ഥാനാർഥി യശോധരാ രാജെ സിന്ധ്യയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയാണ് യശോധര. ശിവ്പുരി മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയും, മധ്യപ്രദേശ് മന്ത്രിസഭയിലെ വാണിജ്യ മന്ത്രിയുമാണവർ.
വിവാദമായ വ്യാപം അഴിമതി പുറത്തു കൊണ്ടുവന്ന ഡോ.ആനന്ദ് റായിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് മധ്യപ്രദേശിൽ ഏറെ ചർച്ചയായിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം മെഡിക്കൽ പ്രവേശന അഴിമതി പുറത്തു കൊണ്ടുവന്ന ഡോ.ആനന്ദ് റായിക്ക് സീറ്റ് നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആനന്ദ് റായിയെ ഒഴിവാക്കിയാണ് കോൺഗ്രസിന്റെ അവസാന സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയത്.
കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിച്ചില്ല. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ മരുമകൻ സഞ്ജയ് സിംഗ് മസാനിക് എതിർ പാളയത്തിൽ, കോൺഗ്രസിനൊപ്പം മത്സരിച്ചു. വരാസിയോണി മണ്ഡലത്തിലാണ് സഞ്ജയ് സിംഗ് മസാനിക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ യോഗേന്ദ്ര നിർമലിനെയാണ് ശിവരാജ് സിംഗിന്റെ മരുമകൻ കോൺഗ്രസ് ടിക്കറ്റിൽ നേരിട്ടത്.
ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇത്തവണ ഒരു മുസ്‌ലിം വനിതയും ഇടം നേടിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി ഒരു മുസ്‌ലിം സ്ത്രീക്ക് സീറ്റ് നൽകിയത്. ഭോപാൽ നോർത്ത് മണ്ഡലത്തിൽ ഫാത്തിമ റസൂൽ സിദ്ദിഖിയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. മുൻ ജനതാദൾ നേതാവ് റസൂൽ അഹ്മദ് സിദ്ദിഖിയുടെ മകളാണ് ഫാത്തിമ റസൂൽ സിദ്ദിഖി. മുതിർന്ന കോൺഗ്രസ് നേതാവ് ആരിഫ് അഖീലിനെയാണ് ബിഡിഎസ് വിദ്യാർഥിനിയായ ഫാത്തിമ എതിരിടുന്നത്. 1993ൽ അച്ഛനെ തോൽപിച്ച ആരിഫ് അഖീലിനെ തോൽപിക്കാനായാൽ ഫാത്തിമക്ക് അത് ചരിത്രം കാത്തുവെച്ച മധുരപ്രതികാരം കൂടിയാകും.
മുൻ മുഖ്യമന്ത്രി ബാബുലാൽ ഗോറിന് പകരം മകൾ കൃഷ്ണ ഗോറിനും ബിജെപി സീറ്റ് നൽകി. പല നേതാക്കളും മക്കൾക്കായി വലിയ സമ്മർദം ചെലുത്തിയെങ്കിലും വിജയസാധ്യത നോക്കി മാത്രമായിരുന്നു ബിജെപിയുടെ സീറ്റ് നിർണയമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾ നീണ്ട ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന് ബിജെപി ഭയപ്പെടുന്നു. ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ട്രെൻഡ് തകിടം മറിഞ്ഞതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 74.61 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ പോളിങ് ശതമാനം കൂടി. 2013ൽ 72.69 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സംസ്ഥാനത്ത് വർധിച്ചു വരുന്ന പീഡനങ്ങളും കർഷകപ്രശ്‌ന്ങ്ങളും മുൻനിർത്തിയായിരുന്നു ഇത്തവണ കോൺഗ്രസ് ബി.ജെ.പി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.
മിസോറം വോട്ടെടുപ്പിൽ ആറ് മണി വരെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.