Sorry, you need to enable JavaScript to visit this website.

പിതാവിനോടുള്ള സ്‌നേഹം തുളുമ്പുന്ന യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു

റിയാദ് - വർഷങ്ങൾക്കു മുമ്പ് ഇഹലോകവാസം വെടിഞ്ഞ പിതാവിനോടുള്ള മക്കളുടെയും മാതാവിന്റെയും അടങ്ങാത്ത സ്‌നേഹം തുളുമ്പുന്ന സൗദി യുവാവ് ബന്ദർ അൽഅനസിയുടെ ട്വീറ്റ് സാമൂഹികമാധ്യമ ലോകത്ത് വൈറലാകുന്നു. നാൽപത്തിയെട്ടു മണിക്കൂറിനകം 52,000 ലേറെ പേർ ഇത് റീട്വീറ്റ് ചെയ്തു. മുപ്പത്തിയാറു ലക്ഷത്തിലേറെ പേർ വീക്ഷിച്ചു. പതിനായിരക്കണക്കിനാളുകൾ ലൈക്ക് അടിക്കുകയും ചെയ്തു. 
'അവസാനമായി ഉമ്മയോട് സംസാരിച്ചത്' എന്ന ഹാഷ്ടാഗിലാണ് ബന്ദർ അൽഅനസി ട്വീറ്റ് പോസ്റ്റ് ചെയ്തത്. 
പെട്ടെന്ന് കുറച്ച് പണം കൈമാറുന്നതിന് ഉമ്മാനോട് ആവശ്യപ്പെട്ടതോടെ ഉമ്മ നൽകിയ മറുപടിയാണ് ഹാഷ്ടാഗിൽ ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതിന് പ്രേരകമായതെന്ന് ബന്ദർ അൽഅനസി പറഞ്ഞു. പണം ഉപ്പയുടെ കീശയിലുണ്ടാകുമെന്ന് തനിക്കറിയാം. എന്നാലും പണത്തിന് ആവശ്യമുണ്ടാകുമ്പോൾ ഉപ്പയുടെ പോക്കറ്റിൽനിന്ന് പണമെടുക്കുന്നതിനു മുമ്പ് താനും സഹോദരങ്ങളും ഉമ്മയുടെ സമ്മതം വാങ്ങേണ്ടതുണ്ട്. സമ്മതം തേടിയ തനിക്ക് ഉമ്മ അനുമതിയും നൽകി. തുടർന്നാണ് ഈ അനുഭവം ട്വിറ്ററിലൂടെ പങ്കുവെക്കണമെന്ന് തനിക്ക് തോന്നിയത്.
ഉപ്പ എട്ടു വർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞതാണ്. മരണത്തിനു മുമ്പ് ഉപ്പ അവസാനമായി ധരിച്ചിരുന്ന തോബും ഉപയോഗിച്ചിരുന്ന പഴ്‌സും അതേപോലെ അലമാരയിൽ ഉമ്മ സൂക്ഷിക്കുന്നുണ്ട്. പണത്തിന് ആവശ്യമുണ്ടാകുമ്പോൾ ഉപയോഗിക്കുന്നതിനുള്ള കലവറ എന്നോണമാണ് ഉപ്പാന്റെ വസ്ത്രവും പഴ്‌സും തങ്ങൾ കാണുന്നത്. ഇതിലൂടെ ഉപ്പാന്റെ സ്മരണ എന്നും വീട്ടിൽ സജീവമായി നിലനിൽക്കുന്നു. ഉമ്മ ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു. ഈ കുപ്പായം വഴി ഉപ്പാന്റെ സ്മരണ പേരമക്കളിലും നിലനിർത്തണമെന്ന് ഉമ്മ ആഗ്രഹിക്കുന്നു. 
പഴകിദ്രവിക്കുന്നതുവരെ ഈ കുപ്പായം നന്നായി സംരക്ഷിക്കണമെന്ന് ഉമ്മ ഞങ്ങളോട് ഒസ്യത്ത് ചെയ്തിട്ടുണ്ടെന്നും ബന്ദർ അൽഅനസി പറഞ്ഞു. 
'ഉമ്മയോട് ഞാൻ പണം ചോദിച്ചു. ഉപ്പയുടെ കീശയിൽ നിന്ന് എടുത്തോയെന്ന് ഉമ്മ പറഞ്ഞു. ഉപ്പ എട്ടു വർഷം മുമ്പ് മരണപ്പെട്ടതാണ്. ഉപ്പയുടെ പഴ്‌സ് അവസാനമായി ഉപ്പ ധരിച്ച കുപ്പായത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉപ്പയെക്കുറിച്ച ഓർമകൾ മുറിയാതിരിക്കുന്നതിന് കുടുംബത്തിന്റെ വരുമാനം മുഴുവൻ ഈ പഴ്‌സിലാണ് സൂക്ഷിക്കുന്നത്. എട്ടു വർഷമായി ഉപ്പയുടെ കീശയിൽ നിന്ന് എടുത്തോളൂ എന്നാണ് ഉമ്മ ഞങ്ങളോട് പറയുന്നത്' -എന്നാണ് ഹാഷ്ടാഗിൽ ബന്ദർ അൽഅനസി പോസ്റ്റ് ചെയ്തത്. 
ബന്ദർ അൽഅനസിയുടെ പിതാവിനു വേണ്ടിയുള്ള പ്രാർഥനകളാലും വർഷങ്ങൾക്കു മുമ്പ് വേർപ്പെട്ടുപോയ ഉപ്പയോടുള്ള ഉമ്മയുടെ സ്‌നേഹത്തിൽ സന്തോഷവും അത്ഭുതവും പ്രകടിപ്പിച്ചും നിരവധി പേർ ട്വീറ്റിനു താഴെ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. 
സാമൂഹികമാധ്യമ ഉപയോക്താക്കളിൽ നിന്നുള്ള വലിയ പ്രതികരണം വ്യക്തമാക്കുന്ന ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് മാതാവ് കുടുംബത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതായി ബന്ദർ അൽഅനസി പറഞ്ഞു. പിതാവിനു വേണ്ടിയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കളുടെ പ്രാർഥന ഉമ്മയെ സന്തോഷഭരിതയാക്കി. തങ്ങളുടെ മറ്റു കുടുംബങ്ങളും തങ്ങളെ പോലെ തന്നെ അവരുടെ പിതാക്കളുടെ വിയോഗശേഷം അവരുടെ വസ്ത്രങ്ങളും പഴ്‌സുകളും ഇതേപോലെ സൂക്ഷിക്കാറുണ്ട്. തന്റെ ട്വീറ്റ് ലൈക്ക് ചെയ്തും റീട്വീറ്റ് ചെയ്തും അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തും പ്രതികരിച്ച എല്ലാവർക്കും ബന്ദർ അൽഅനസി നന്ദി പറഞ്ഞു. സാമൂഹികമാധ്യമ ഉപയോക്താക്കളുടെ പ്രതികരണം തന്റെയും കുടുംബാംഗങ്ങളുടെയും മനസ്സുകളിൽ സന്തോഷം നിറച്ചതായും യുവാവ് പറഞ്ഞു. 
ശസ്ത്രക്രിയ വിജയിച്ചു, ഡോക്ടർ മരിച്ചു എന്ന ഐ.ഡിയിലാണ് ബന്ദർ അൽഅനസി ഹാഷ്ടാഗിൽ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ബ്ലോഗുകളുടെ കാലം മുതൽ താൻ ഉപയോഗിക്കുന്നത് ഈ ഐ.ഡിയാണെന്നും ഫാളോവേഴ്‌സിന്റെ അടുത്ത് ഈ ഐ.ഡിയിൽ താൻ പ്രശസ്തനാണെന്നും ബന്ദർ പറഞ്ഞു.


 

Latest News