Sorry, you need to enable JavaScript to visit this website.

മക്കയിലും ജിദ്ദയിലും നിയമലംഘകർ പിടിയിൽ

മക്കയിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിനിടെ പിടിയിലായ നിയമ ലംഘകർ.
ജിദ്ദയിൽ റെയ്ഡിനിടെ ടെറസ്സിൽ കയറി ഒളിക്കുന്നതിന്  ശ്രമിച്ച നിയമ ലംഘകനെ സുരക്ഷാ വകുപ്പുകൾ പിടികൂടി താഴെയിറക്കുന്നു. 

മക്ക - മക്കയിലും ജിദ്ദയിലും പോലീസും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നിരവധി നിയമ ലംഘകർ പിടിയിലായി. മക്കയിൽ തിങ്കളാഴ്ച അർധരാത്രി ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. ഖാലിദിയ, ഉതൈബിയ ഡിസ്ട്രിക്ടുകളിൽ നിയമ ലംഘകർ കൂട്ടത്തോടെ കഴിയുന്ന സ്ഥലങ്ങൾ മുൻകൂട്ടി നിർണയിച്ചാണ് റെയ്ഡുകൾ നടത്തിയത്. വിവിധ രാജ്യക്കാരായ ഇഖാമ, തൊഴിൽ നിയമ ലംഘകരും യാചകവൃത്തിയും പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകലും അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും അടക്കം 150 ലേറെ പേർ റെയ്ഡിനിടെ പിടിയിലായി. 
നിയമ ലംഘകർ താമസിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി മീറ്റർ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. നിയമ ലംഘകർക്ക് വാടകക്ക് നൽകിയതിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി കെട്ടിട ഉടമകളെ സുരക്ഷാ വകുപ്പുകൾ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു. 


ജിദ്ദയിൽ ചൊവ്വാഴ്ച പുലർച്ചെ വിവിധ വകുപ്പുകൾ സഹകരിച്ച് നടത്തിയ റെയ്ഡിൽ സ്ത്രീകളും കുട്ടികളുമടക്കം 115 നിയമലംഘകർ പിടിയിലായി. ജാമിഅ, കിലോ ആറ്, ബവാദി എന്നീ ഡിസ്ട്രിക്ടുകളിലാണ് പരിശോധനകൾ നടത്തിയത്. സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ്, പ്രത്യേക ദൗത്യസേന, പട്രോൾ പോലീസ്, കുറ്റാന്വേഷണ വകുപ്പ്, സിവിൽ ഡിഫൻസ്, മുജാഹിദീൻ സുരക്ഷാ സേന, ട്രാഫിക് പോലീസ്, ജിദ്ദ നഗരസഭ, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവ സഹകരിച്ചാണ് റെയ്ഡ് നടത്തിയത്. ജിദ്ദ പോലീസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽവുദീനാനി റെയ്ഡിന് നേരിട്ട് നേതൃത്വം നൽകി. 

 


 

Latest News