Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ഇ.സി.എൻ.ആർ രജിസ്‌ട്രേഷൻ നീട്ടിവച്ചു

ന്യൂദൽഹി- ഗൾഫ് അടക്കം പതിനെട്ട് രാജ്യങ്ങളിലേക്ക് ജോലിയാവശ്യാർത്ഥം പോകുന്നവർ ഇ.സി.എൻ.ആർ രജിസ്‌ട്രേഷൻ നടത്തണമെന്ന ഉത്തരവ് കേന്ദ്രം നീട്ടിവെച്ചു. അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രവാസികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയുള്ള ഉത്തരവാണ് കേന്ദ്രം നീട്ടിവെച്ചത്. ഇക്കഴിഞ്ഞ പതിനാലിനാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് താൽക്കാലികമായി മരവിപ്പിച്ചത്. 
വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എൻ.ആർ) മുഴുവൻ പാസ്‌പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇമൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഉത്തരവ്. ജനുവരി മുതലാണ് വ്യക്തിഗത, തൊഴിൽ വിവരങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും റീ എൻട്രിയിൽ പോയി മടങ്ങുന്നവർക്കും ഇത് ബാധകമായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആർക്കും ഇതിൽനിന്ന് ഒഴിവില്ല. 


ഗൾഫ് രാജ്യങ്ങളടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്ന ഇ.സി.എൻ.ആർ പാസ്‌പോർട്ടുള്ളവർ ഇമൈഗ്രേറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ എംബസികളും ഇക്കാര്യത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചു. 
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, ലബനോൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾക്ക് ജോലി തേടി യാത്ര ചെയ്യാൻ എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.എൻ.ആർ) നേരത്തെതന്നെ ബാധകമാക്കിയതാണ്. വിദേശ രാജ്യങ്ങളിൽ മൂന്ന് വർഷം താമസിച്ചവർക്ക് ഇ.സി.എൻ.ആർ പാസ്‌പോർട്ട് ഇല്ലെങ്കിൽ പ്രസ്തുത പാസ്‌പോർട്ടിന് അപേക്ഷിക്കാൻ എംബസിയും പാസ്‌പോർട്ട് ഓഫീസുകളും സൗകര്യമേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിയമം കർശനമാക്കിയതോടെ ഈ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന എല്ലാവരും ഇ.സി.എൻ.ആർ പാസ്‌പോർട്ടുള്ളവരായി മാറി. ഇതിന് ശേഷമാണ് മന്ത്രാലയം വ്യക്തിഗത, തൊഴിൽ വിവരങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 

മലയാളം ന്യൂസ് വാട്‌സാപ്പ് വാർത്താ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി ആദ്യഘട്ടമെന്ന നിലയിലാണ് മന്ത്രാലയം ഈ രാജ്യങ്ങളിലേക്ക് മാത്രമായി രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയത്. വൈകാതെ മറ്റു രാജ്യങ്ങളിലേക്ക് കൂടി ഈ വ്യവസ്ഥ ബാധകമാക്കും. 2017 ഡിസംബർ മുതൽ ഇ.സി.എൻ.ആർ രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും മന്ത്രാലയം നിർബന്ധിച്ചിരുന്നില്ല. എന്നാൽ ജനുവരി ഒന്നു മുതൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത ആർക്കും ഇന്ത്യൻ എമിഗ്രേഷൻ വിഭാഗം വഴി യാത്രാനുമതി ലഭിക്കില്ല. നാട്ടിൽ നിന്നുള്ള യാത്രയുടെ 24 മണിക്കൂർ മുമ്പെങ്കിലും രജിസ്റ്റർ ചെയ്തിരിക്കണമെന്നതായിരുന്നു വ്യവസ്ഥ.
പാസ്‌പോർട്ട് ഉടമ തന്നെയാണ് ഇമൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷൻ സൗജന്യമാണ്. www.emigrate.gov.in വെബ്‌സൈറ്റിൽ ഇ.സി.എൻ.ആർ എന്ന ഭാഗം ക്ലിക്ക് ചെയ്താൽ ആദ്യം മൊബൈൽ നമ്പർ വെരിഫിക്കേഷൻ ആവശ്യപ്പെടും. ഇന്ത്യയിലെ മൊബൈൽ ഫോൺ നമ്പറാണ് ഇതിൽ നൽകേണ്ടത്. അതിൽ വരുന്ന ഒ.ടി.പി ഉപയോഗിച്ച് അടുത്ത പേജിലേക്ക് പ്രവേശിക്കാം. പേര്, പാസ്‌പോർട്ട് നമ്പർ, ഇമെയിൽ, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷൻ, വിസ, അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, അഡ്രസ്, തൊഴിൽ ദാതാവിന്റെ പേര്, സ്ഥാപനത്തിൽ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിച്ചാൽ കൺഫർമേഷൻ സന്ദേശം മൊബൈൽ ഫോണിലെത്തും. പുതിയ തൊഴിൽ വിസക്കാർ റിക്രൂട്ടിംഗ് ഏജൻസി മുഖേനയാണ് പോകുന്നതെങ്കിൽ ഏജന്റിന്റെ പേരും നൽകേണ്ടതുണ്ട്. നാട്ടിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് വിദേശത്ത് നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു വിസയിൽ എത്രകാലം വിദേശ രാജ്യത്ത് തുടർന്നാലും ഒരിക്കൽ മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Latest News