Sorry, you need to enable JavaScript to visit this website.

ജയിച്ചപ്പോൾ കരഞ്ഞ  അബ്ദുൽ റസാഖിന്റെ ഓർമദിനം 

തൊട്ടു മുമ്പ് കഴിഞ്ഞു പോയ നിയമ സഭയിൽ വരെ തങ്ങൾക്കൊപ്പം ചിരിച്ചും കളിച്ചും സജീവമായുണ്ടായിരുന്ന അംഗത്തെ ചരമോപചാരത്തിൽ ഓർത്തെടുത്തപ്പോൾ അംഗങ്ങൾ അക്ഷരാർഥത്തിൽ തന്നെ ദുഃഖത്തിലലിഞ്ഞു.  പി.ബി. അബ്ദുൽ റസാഖ് കാലുഷ്യലേശമില്ലാത്ത വ്യക്തിയായതുകൊണ്ട് അനുശോചന വാക്കുകളിലും  ഉടനീളം നിറഞ്ഞത് ആത്മാർഥതയുടെ തെളിച്ചം.  
 '' വിടതരികമ്മേ കന്നട ധാത്രീ  കേരള ജനനനി വിളിക്കുന്നു.'' എന്ന് കന്നടഭാഷയോട് വിടപറഞ്ഞ നാടാണ്  കാസർകോടെന്ന്  കേരളത്തിന് പറഞ്ഞു തന്നത് മലയാളത്തിന്റെ പ്രിയ കവി ടി. ഉബൈദായിരുന്നു. 
പക്ഷെ ഭാഷാ ന്യൂനപക്ഷങ്ങൾക്കായും നിലകൊള്ളേണ്ടത് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞയാളായ അബ്ദുൽ  റസാഖിന് കന്നട ഭാഷയോട് അപ്രകാരം പൂർണമായി വിടപറയാനാകുമായിരുന്നില്ല. പതിനാലാം കേരള നിയമസഭയിൽ കന്നഡ ഭാഷയിൽ  സത്യപ്രതിജ്ഞ ചെയ്യാൻ കാരണം ഭാഷാ ന്യൂനപക്ഷത്തോടൊത്തു നിൽക്കുന്ന നിലപാടായിരുന്നുവെന്ന്  ചരമോപചാരം അർപ്പിച്ച് സംസാരിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചത് ശ്രദ്ധേയമായി.
മഞ്ചേശ്വരം പോലൊരു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി ജനപ്രതിനിധി എന്നതിനപ്പുറവും വളരേണ്ടയാളാണ്.  വിഭ്യാഭ്യാസരംഗത്തെ റസാഖിന്റെ സംഭാവനകൾ അദ്ദേഹം ഈ വിധം വളർന്നതിന് തെളിവാണെന്ന് സ്പീക്കർ സമർഥിച്ചു. കാസർകോട് ജില്ലയുടെ വികസനപ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ അബ്ദുൽ റസാഖ് കാട്ടിയ താൽപര്യം ശ്ലാഘനീയമായിരുന്നു. റസാഖിന്റെ വിയോഗത്തിലൂടെ സാധാരണക്കാർക്കൊപ്പം നിന്ന മികച്ച പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന  സ്പീക്കറുടെ വാക്കുകൾക്ക് റസാഖിന്റെ ജനസേവനങ്ങളുടെ നീണ്ട അനുഭവങ്ങളാണ് സാക്ഷി.
ഏത് ഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുൽ റസാഖെന്ന  മുഖ്യമന്ത്രി പിണറായിവിജയന്റെ നല്ലവാക്ക്. ഉത്തര കേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമ ഐശ്വര്യങ്ങളും അദ്ദേഹം നെഞ്ചോട് ചേർത്തുവെച്ചു. ജനങ്ങൾക്കുവേണ്ടി മാത്രമായി ജീവിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയ നേതാവായിരുന്നു അബ്ദുൽ  റസാഖ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് മറ്റൊന്നും തടസ്സമായില്ല.
വർഗ്ഗീയശക്തികളെ കാസർകോട്ടും  മഞ്ചേശ്വരത്തും തടഞ്ഞുനിറുത്താൻ കോട്ട പോലെ ഉറച്ചുനിന്ന വ്യക്തിയായാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബ്ദുറസാഖിനെ കണ്ടത്.ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്ന മലബാറിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് കാസർകോട് നിന്ന് വരുന്നവർക്ക്, വലിയ ആശ്രയമായിരുന്നു റസാഖ് എന്ന് പ്രതിപക്ഷ നേതാവിന്റെ വാക്കുകളും റസാക്കിന്റെ ജനസ്‌നേഹ നിലപാടുകളുടെ മറ്റൊരു ഓർമപ്പെടുത്തൽ.വർഗ്ഗീയതയ്‌ക്കെതിരായ വിജയമായതുകൊണ്ടാണ് അബ്ദുൽറസാഖിന്റെ വിജയം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയതെന്ന രാഷ്ട്രീയ വിലയിരുത്തലാണ് മന്ത്രി വി.എസ്. സുനിൽകുമാർ നടത്തിയത്.
രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി തന്റെ സമ്പാദ്യം പോലും പാവങ്ങൾക്ക് ദാനം ചെയ്യുന്ന വ്യക്തിയായിരുന്നു അബ്ദുൽ റസാഖെന്ന കാര്യം എടുത്തുപറഞ്ഞത് ഡോ.എം.കെ. മുനീറാണ്. ഇങ്ങനെയുള്ളവർ എത്ര പേർ ഉണ്ടാകും- തന്റെ  പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ പ്രശംസിക്കവേ മുനീർ ചോദിച്ചു. നികത്താനാവാത്ത നഷ്ടമാണ് റസാഖിന്റെ വിയോഗം. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേരളത്തിന്റെ മണ്ണിൽ വർഗ്ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നു -  മുനീർ വികാരാധീനനായി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സംഘർഷമുണ്ടാക്കാതെ പ്രവർത്തിച്ചുവെന്നതിലാണ്  ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാൽ അബ്ദുറസാഖിന്റെ മഹത്വം കണ്ടത്.
മതേതരത്വത്തിന്റെ  തെളിഞ്ഞ മുഖമായിരുന്നു അബ്ദുൽ റസാഖ്-  കെ.എം. മാണി  നിരീക്ഷിച്ചു.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ് ജേക്കബ്, കെ.ബി. ഗണേഷ് കുമാർ, എൻ. വിജയൻ പിള്ള, പി.സി. ജോർജ്  എന്നിവരും സംസാരിച്ചു. അബ്ദുൽറസാഖിനോടുള്ള ആദരസൂചകമായി ഒരുനിമിഷം എഴുന്നേറ്റ് നിന്ന് മൗനമാചരിച്ച്  സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
 

Latest News