ന്യുദല്‍ഹി- രണ്ടു വര്‍ഷം മുമ്പ് നടപ്പിലാക്കിയ നോട്ടു നിരോധനത്തിനു ശേഷം വിതരണം ചെയ്ത പുതിയ കറന്‍സി നോട്ടുകള്‍ രണ്ടു വര്‍ഷത്തിനിടെ വേഗത്തില്‍ ഉപയോഗശൂന്യമാകുന്നതായി റിപോര്‍ട്ട്. നോട്ട് അച്ചടിച്ച കടലാസിന്റെ ഗുണമേന്മയില്ലായ്മയാണ് കാരണം. നേരത്തെ വിപണിയിലുണ്ടായിരുന്ന നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നോട്ടുകളുടെ കടലാസിന്റെ നിലവാരം കുറവാണ്. ഇതുകാരണം പുതിയ നോട്ടുകള്‍ പഴകുന്നതോടെ എടിഎമ്മില്‍ പോലും ഉപയോഗിക്കാന്‍ പറ്റാതായി മാറുകയാണെന്നും ഹിന്ദി ദിനപത്രമായ അമര്‍ ഉജാല റിപോര്‍ട്ട് ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത പുതിയ കറന്‍സികള്‍ എടിഎമ്മിലെ സെന്‍സറുകള്‍ക്ക് തിരിച്ചറിയാനാകാത്തതാണ് കാരണം.
പുതുതായി വിപണിയിലിറക്കിയ 2000, 500 രൂപാ നോട്ടുകള്‍ക്കു പുറമെ 2018ല്‍ ഇറക്കിയ പുതിയ 10 രൂപാ നോട്ടിനും ഈ പ്രശനമുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. വളരെ വേഗത്തില്‍ നോട്ടുകള്‍ ഉപയോഗശൂന്യമായിത്തുടങ്ങിയതോടെ ബാങ്കുകള്‍ ഇത്തരത്തിലുള്ള നോട്ടുകള്‍ തരംതിരിച്ച് ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം പുതിയ നോട്ടുകളില്‍ സുരക്ഷാ, ഗുണമേന്മാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും ഇവയ്ക്ക് മികച്ച സുരക്ഷാ ഘടകങ്ങളുണ്ടെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം. ഇന്ത്യക്കാര്‍ നോട്ടുകള്‍ പൊതുവെ മടക്കിയും സാരിയിലും മുണ്ടിലും തിരുകിവച്ചു ഉപയോഗിക്കുന്നതു മൂലമാണ് പുതിയ നോട്ടുകള്‍ വേഗത്തില്‍ ഉപയോഗ ശൂന്യമാകുന്നതെന്നും ഒരു മുതിര്‍ന്ന ധനമന്ത്രാലയം ഉദ്യോഗസ്ഥന്‍ പറയുന്നു.
നോട്ടുകള്‍ പൂര്‍ണമായും മുഷിയുകയോ എടിഎമ്മില്‍ ഉപയോഗിക്കാനാകാതെ വരികയോ കീറുകയോ ചെയ്താലാണ് ബാങ്കുകള്‍ നോട്ടുകള്‍ നോണ്‍ ഇഷ്യുവബ്ള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഇവ റിസര്‍വ് ബാങ്കിലേക്ക് തിരിച്ചയച്ച് വിപണിയില്‍ നിന്ന് മാറ്റുകയാണ് ചെയ്യുക. എന്നാല്‍ ബാങ്കുകള്‍ നോട്ടുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കിയിരുന്നു. വാണിജ്യ ബാങ്കുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജൂലൈയിലാണ് വീണ്ടും ഇതിനു അനുമതി നല്‍കിയത്.