Sorry, you need to enable JavaScript to visit this website.

ഒരു പണിയുമില്ലാതെ എന്തിനിവിടെ? മറുപടി തേടി ജമ്മു കശ്മീരില്‍ വിന്യസിച്ച എന്‍.എസ്.ജി കമാന്‍ഡോകള്‍ 

ന്യൂദല്‍ഹി- ആറു മാസത്തിലേറെയായി ജമ്മു കശ്മീരീല്‍ കാര്യമായി ഒരു പണിയുമില്ലാതെ ഇരിക്കുകയാണ് ഇവിടെ വിന്യസിക്കപ്പെട്ട ഭീകര വിരുദ്ധ നീക്കങ്ങളില്‍ അതിവൈദഗ്ധ്യമുള്ള 80 നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) കമാന്‍ഡോകള്‍. ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലുകളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും കുരുത്ത സുരക്ഷാ സേനയായ എന്‍.എസ്.ജിയുടെ 80 കമാന്‍ഡോകളെ കശ്മീരിലെത്തിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ക്കു കാര്യമായ ചുമതലകളൊന്നും നല്‍കിയിട്ടില്ല. സംസ്ഥാനത്ത് തങ്ങള്‍ക്ക് എന്തു ജോലിയാണ് ചെയ്യാനുള്ളത് എന്നതു സംബന്ധിച്ച വ്യക്തത വേണമെന്നാവശ്യപ്പെട്ട് എന്‍.സ്.ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഭീകരവിരുദ്ധ ഓപറേഷനുകളിലും പോരാട്ടങ്ങളിലും വൈദഗ്ധ്യമുള്ള ഇവരെ സംസ്ഥാനത്തെ അര്‍ധസൈനികര്‍ക്കും പോലീസിനും പരിശിലീനം നല്‍കാനുള്ള സംഘമാക്കി ചുരുക്കിയിരിക്കുകയാണ്.

നിലവില്‍ കശ്മീരില്‍ വിവിധ ഭാഗങ്ങളിലായി ആറോളം സേനാ വിഭാഗങ്ങള്‍ സുരക്ഷാ കാര്യങ്ങള്‍ക്കായി ചുമതലകള്‍ നല്‍കി വിന്യസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്‍.എസ്.ജിയുടെ ചുമതല എന്താണെന്നതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറുമാസത്തിലേറെയായി തങ്ങള്‍ ഹുംഹുമയിലെ ബി.എസ്.എഫ് ക്യാംപില്‍ ക്യാംപ് ചെയ്യുകയാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗ്സ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. കശ്മീരില്‍ നിലവില്‍ മതിയായ സൈനിക, സുരക്ഷാ സേനകളുടെ സാന്നിധ്യമുണ്ടെന്നും മറ്റൊരു സേനയുടെ ആവശ്യം ഇനിയില്ലെന്നും കശ്മീരുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒരു മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറയുന്നു.  

മേയിലാണ് എന്‍.എസ്.ജി കമാന്‍ഡോകളെ ശ്രീനഗറിലെത്തിച്ചത്. കശ്മീരില്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് റിപോര്‍ട്ട്. ജനവാസ മേഖലകളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരരെ തുരത്താനും ഭീകരവിരുദ്ധ നീക്കങ്ങളില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ടാരുന്നു ഇത്.  ചട്ട പ്രകാരമായിരുന്നെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന് ഇതില്‍ കാര്യമായ പങ്കൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ ഏതാനും ആഴ്ച മുമ്പ് എന്‍.എസ്.ഡി ഡയറക്ടര്‍ ജനറല്‍ സുദീപ് ലഖ്താക്കിയ കശ്മീരിലെത്തുകയും ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനേയും പോലീസ് മേധാവി ദില്‍ബാഗ് സിങിനേയും സന്ദര്‍ശിച്ചിരുന്നു.
 

Latest News