പയ്യന്നൂര്‍ - മതസൗഹാര്‍ദത്തിന്റെ മഹാ ക്ഷേത്രം എന്നറിയപ്പെടുന്ന പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ മുസ്ലിം യൂത്ത് ലീഗ് യുവജന ജാഥാ ലീഡര്‍മാരായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.ഫിറോസ് എന്നിവരെത്തി. ആരാധനാ മഹോത്സവം നടക്കുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ നേതാക്കളെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ആരാധനാ മഹോത്സവത്തില്‍ പഞ്ചാരക്കുടം സമര്‍പ്പിക്കേണ്ടത് പയ്യന്നൂരിലെ പ്രശസ്ത മുസ്ലിം തറവാടായ കേളോത്ത് തറവാട്ടുകാരാണ്. കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാരക്കുട സമര്‍പ്പണം. ഇന്നലെ രാവിലെ ജാഥയുമായി പയ്യന്നൂരിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്ര സന്നിധിയിലെത്തുകയായിരുന്നു. ആഘോഷ കമ്മിറ്റി ചെയര്മാന് ശിവകുമാര്‍, ഡി.കെ.ഗോപിനാഥ് തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിച്ചു.