പസദേന (യു.എസ്.എ)- ഉദ്വേഗജനകമായ മിനിറ്റുകൾക്കൊടുവിൽ നാസയുടെ ചൊവ്വാ ഗവേഷണ പേടകമായ ഇൻസൈറ്റ് സുരക്ഷിതമായി ചുവന്ന ഗ്രഹത്തിലിറങ്ങി.
പേടകത്തിൽ നിന്നുള്ള ആദ്യ സന്ദേശം ലഭിച്ചതോടെയാണ് ലാൻഡിംഗ് സുരക്ഷിതമായിരുന്നുവെന്ന് നാസ സ്ഥിരീകരിച്ചത്. അതോടെ പസദേനയിലെ നാസയുടെ ജെറ്റ് പ്രൊപ്പെൽഷൻ ലബോറട്ടയിൽ ആഹ്ലാദം അണപൊട്ടി. ശാസ്ത്രജ്ഞർ ആർത്തുവിളിച്ചു.
ടി.വിയിൽ വിക്ഷേപണത്തിന്റെ തൽസമയം കണ്ടുകൊണ്ടിരുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും, വൈസ് പ്രസിഡന്റ് മൈക് പെൻസും നാസ മേധാവികളെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
എന്നാൽ 365 കിലോ തൂക്കമുള്ള, മനുഷ്യന്റെ അരയോളം വലിപ്പമുള്ള ഇൻസൈറ്റ് ചെവ്വയിൽ ലാൻഡ് ചെയ്തപ്പോൾ ഉയർന്ന പൊടിപടലം മൂലം അവിടെ നിന്ന് ആദ്യം അയച്ച ചിത്രങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല.
ഇൻസൈറ്റിന്റെ വിജയകരമായ ലാൻഡിംഗ് 2030ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യത്തിലേക്കുള്ള നിർണായക ചുവടുവെയ്പായാണ് നാസ വിലയിരുത്തുന്നത്. ആ ദിവസത്തിലേക്ക് നമ്മൾ അടുത്തുവെന്ന് നാസയുടെ അഡ്മിനിസ്‌ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനുള്ള വാഹനത്തിന്റെ ചെറിയ രൂപമാണ് തിങ്കളാഴ്ച അർധരാത്രിക്കു ശേഷം ഒരു മണിയോടെ ലാൻഡ് ചെയ്ത ഇൻസൈറ്റ്.
993 മില്യൺ ഡോളർ ചെലവിട്ട് വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നാസ വിക്ഷേപിച്ച ഇൻസൈറ്റ് ചൊവ്വയേക്കുറിച്ച് ഇതുവരെ നടത്തിയതിൽ ഏറ്റവും ഗഹനമായ പരീക്ഷണങ്ങളാവും നടത്തുക. ചൊവ്വയുടെ അന്തരീക്ഷം, പ്രതലത്തിന്റെ ഘടന, മണ്ണ് കുഴിച്ച് ആഴത്തിലുള്ള അവസ്ഥകൾ എല്ലാം ഇൻസൈറ്റ് പഠിക്കുകയും വിവരങ്ങൾ ഭൂമിയിൽ എത്തിക്കുകയും ചെയ്യും.